ജൂലൈ 25 അന്താരാഷ്ട്ര മുങ്ങിമരണപ്രതിരോധദിനം അപകടം ഒഴിവാക്കാന്‍ ജാഗ്രത അനിവാര്യം: ജില്ലാ കലക്ടര്‍
മുങ്ങിമരണമെന്നഅപകടം ഒഴിവാക്കാന്‍ അതീവജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്. വിനോദയാത്രകളിലും അവധിക്കാല ആഘോഷങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനപങ്ക് ഇത്തരം മരണങ്ങള്‍ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ 25 അന്താരാഷ്ട്ര മുങ്ങിമരണ പ്രതിരോധ ദിനാചരണത്തിന്റെ പശ്ചാത്തലം കൂടിയാണിത്. ‘മാറ്റത്തിനായി ഒന്നിക്കാം' ദിനാചരണ സന്ദേശമുയര്‍ത്തിയാണ് ദുരന്തനിവാരണ വിഭാഗം മുന്‍കരുതലിന് കൈകോര്‍ക്കുന്നത്. സമ്പൂര്‍ണ പ്രതിരോധത്തിനായി പൊതുജനത്തിന്റെ പങ്കാളിത്തം ഒഴിവാക്കാനാകാത്തതുമാണ്.
ദേശീയ ക്രൈംറെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2023-ല്‍ 1344 പേരും 2024-ല്‍ 1385 പേരും മുങ്ങിമരണപ്പെട്ടു. ജില്ലയിലെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍, കല്ലടയാര്‍, പള്ളിക്കലാര്‍, ഇത്തിക്കരയാര്‍ എന്നീ നദികള്‍, ശാസ്താംകോട്ട തടാകം, അഷ്ടമുടി-പരവൂര്‍ കായലുകള്‍, ടി.എസ്. കനാല്‍, കൊല്ലം, താന്നി, അഴീക്കല്‍, പൊഴിക്കര ബീച്ചുകള്‍, ഉപേക്ഷിച്ച ക്വാറികളിലെ കുളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങുന്നത്, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്, ലഹരി ഉപയോഗിച്ച് വെള്ളത്തില്‍ ഇറങ്ങുന്നത്, സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടയിലെ അശ്രദ്ധ എന്നിവയാണ് പ്രധാന അപകടകാരണങ്ങള്‍.
കുളങ്ങള്‍, വീടിനുസമീപമുള്ള ജലാശയങ്ങള്‍ എന്നിവ അപകടത്തിന് വഴിയൊരുക്കുന്നതിനുള്ള സാധ്യതാപ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ആഴമുള്ള ഭാഗങ്ങളില്‍ മുങ്ങാംകുഴിഇടുക, നിരോധിതമേഖലകളില്‍ നീന്തുക തുടങ്ങിയ സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും അപകടത്തിനിടയാക്കുന്നു. ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതും അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും മുങ്ങിമരണങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നുണ്ട് എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
പ്രധാന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍:
നീന്തല്‍ അറിയാമെങ്കില്‍പോലും അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങരുത്.
കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നീന്തല്‍അറിയാവുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടം ഉറപ്പാക്കണം.
ആരെങ്കിലും വെള്ളത്തില്‍ അകപ്പെട്ടാല്‍ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുക.
ബോട്ടിംഗ്, കയാക്കിംഗ് എന്നിവയില്‍ ഏര്‍പ്പെടുമ്പോള്‍ ലൈഫ്ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കണം.
ചെറിയ കുട്ടികളുള്ള വീടുകളില്‍ വെള്ളംനിറച്ച ബക്കറ്റുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയ്ക്കരികില്‍ കുട്ടികള്‍ പോകുന്നില്ല എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം .
അപകടമേഖലകളില്‍ ബഹുഭാഷാ മുന്നറിയിപ്പ്‌ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും, പ്രധാന ജലാശയങ്ങളില്‍ ലൈഫ് ഗാര്‍ഡ്/സിവില്‍ ഡിഫെന്‍സ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപേക്ഷിച്ച ക്വാറികളും കുളങ്ങളും സുരക്ഷിതമാക്കാനും പൊതുജനങ്ങളില്‍ നീന്തല്‍ പരിശീലനം സാര്‍വത്രികമാക്കാനും ശ്രമങ്ങളുണ്ടാകും എന്നും അറിയിച്ചു.
- Log in to post comments