Skip to main content

ലോക ഹെപ്പറ്റൈറ്റിസ് ദിനം : ജില്ലാതല സെമിനാര്‍  സംഘടിപ്പിച്ചു

 

 

ലോക ഹെപ്പറ്റൈറ്റിസ്  ദിനാചരണത്തിന്റെ  ഭാഗമായി  നടന്ന ജില്ലാതല  സെമിനാര്‍  അഡീഷണല്‍  ജില്ലാ മജിസ്ട്രേറ്റ് എ അബ്ദുള്‍ ലത്തീഫ്  ഉദ്ഘാടനം ചെയ്തു.  ജില്ലാശുപത്രി  മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്  ഡോ .  പി ജി  മനോജ്  ബോധവത്കരണ ക്ലാസ് എടുത്തു. ജില്ലയില്‍ ഹെപ്പറ്റൈറ്റിസ് ബി,സി ചികിത്സാ സൗകര്യം ജില്ലാശുപത്രിയിലും ഗവ. മെഡിക്കല്‍ കോളേജിലും ലഭ്യമാണ്. ദിനാചരണത്തോടനുബന്ധിച്ച് ഹൈറിസ്‌ക് വിഭാഗങ്ങള്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് ബി  പരിശോധന, ബോധവത്കരണ ക്ലാസ്, ഹെപ്പറ്റൈറ്റിസ് വാക്‌സിനേഷന്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. ഹെപ്പറ്റെറ്റിസ് ബി വ്യാപനത്തോത് കുറയ്ക്കുക, 2030 നകം ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്നതാണ് ഇത്തവണത്തെ ദിനാചരണം ലക്ഷ്യം വെക്കുന്നത്.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം )ഡോ. കെ ബിന്ദു തോമസ് മുഖ്യ പ്രഭാഷണം നടത്തി.   ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 പാലക്കാട് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച  പരിപാടിയില്‍ ജില്ലാ ആശുപത്രി  സൂപ്രണ്ട് ഡോ കെ. പി അഹമ്മദ് അഫ്സല്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ ആര്‍.സി.എച്ച്  ഓഫീസര്‍ ഡോ. എ കെ അനിത, ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ശ്രീറാം, എ. ആര്‍. ടി. മെഡിക്കല്‍ ഓഫീസര്‍ ഡോ അനുപ്രിയ, ദിശ ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പി സുനില്‍ കുമാര്‍, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഗീത,   ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് സയന തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

 

ഹെപ്പറൈറ്റിസ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കരളിനെ  ബാധിക്കുന്ന  വൈറസ് രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പ്രധാനമായും എ, ബി, സി, ഡി ഇ  എന്നീ അഞ്ച് വിഭാഗങ്ങളായാണ് ഹെപ്പറ്റൈറ്റിസ് വൈറസിനെ തരം തിരിച്ചിട്ടുള്ളത്. വൈറല്‍ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയും, മറ്റുള്ളവ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെ പകരുന്നവയുമാണ്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. അണുബാധയുള്ള രക്തം, ശരീര സ്രവങ്ങള്‍, ഉമിനീര് യോനീസ്രവം,  എന്നിവയിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍  ഒരാളില്‍  നിന്നും മറ്റൊരാളിലേയ്ക്ക് പകരുന്നത്.  അണുബാധയുള്ള അമ്മ (ഗര്‍ഭിണി) യില്‍ നിന്നും കുഞ്ഞിലെത്തും. അണുബാധയുള്ള ആളില്‍ നിന്നും രക്തം സ്വീകരിക്കുക വഴിയും അണുബാധയുള്ള ആളുകളുമായുള്ള സുരക്ഷിതമല്ലാത്ത അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും  ലൈംഗിക ബന്ധത്തിലൂടെയും സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതിലൂടെയും ഷേവിംഗ് റേസര്‍, കത്തി, ബ്ലേയ്ഡ്, ബ്രഷ് ഇവ പങ്കുവെയ്ക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് കാത്, മൂക്ക് എന്നിവ കുത്തുന്നതുമെല്ലാം വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗപകര്‍ച്ചയ്ക്ക് വഴിയൊരുക്കും
ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍ രക്തം സ്വീകരിക്കേണ്ടി വന്നവര്‍, ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍, മയക്കുമരുന്ന് ഒരേ സൂചിയും സിറിഞ്ചും ഉപയോഗിച്ച് പങ്കിട്ട് കുത്തിവെയ്ക്കുന്നവര്‍, പച്ചകുത്തുന്നവര്‍, ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെടുന്നവര്‍, പിന്നെ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ ഇവര്‍ക്കെല്ലാം രോഗം വരാന്‍ സാധ്യത കൂടുതലാണ്.

 

 

date