Skip to main content
..

ഓണാഘോഷത്തിന് വിപുലമായ ക്രമീകരണങ്ങൾ: ജില്ലാ കലക്ടർ

 

 ഈ വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ ആനി ജൂലാ തോമസ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഡിടിപിസിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കവേ വിവിധ ഓണാഘോഷ പരിപാടികളുടെ വേദിയും തീയതിയും നിശ്ചയിച്ചു. ഓഗസ്റ്റ് 25 മുതൽ 30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 25 വൈകുന്നേരം അഞ്ചു മണിക്ക് കൊല്ലം ബീച്ചിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് തിരി തെളിയിക്കും. സാമ്പ്രാണികോടിയിൽ ഓഗസ്റ്റ് 29ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം വനിതാ ശിശുക്ഷേമ തൊഴിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ബീച്ച്, ചിൽഡ്രൻസ് പാർക്ക്, സാമ്പ്രാണി കോടി എന്നീ പ്രധാന വേദികൾക്കൊപ്പം തിരുമുല്ലവാരം,  ഇളമ്പള്ളൂർ ക്ഷേത്രമൈതാനത്തും മൺട്രോത്തുരുത്തിലും പരിപാടികൾ സംഘടിപ്പിക്കും. പരിപാടികൾക്കായി ലഭിച്ച അപേക്ഷകളിൽ നിന്നും കലാകാരന്മാരെയും ട്രൂപ്പുകളെയും തിരഞ്ഞെടുക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കും. ക്ലബ്ബുകൾക്ക് ധനസഹായം ലഭ്യമാക്കും. വിവിധ പരിപാടികളുടെ സ്പോൺസർഷിപ്പിനായി സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിക്കുമെന്നും ജില്ലാ കലക്ടർ കൂട്ടിച്ചേർത്തു. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതിനിധി തൃദീപ്കുമാർ, മന്ത്രി പിസി വിഷ്ണുനാഥിന്റെ പ്രതിനിധികളായ കുരിപ്പള്ളി സലിം, എസ് റിജിൻ, എസ് ദീപക്ക്, ഫെബി സ്റ്റാലിൻ, മന്ത്രി ഷിബു ബേബി ജോണിന്റെ പ്രതിനിധി തൃദീപ് കുമാർ, എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ പ്രതിനിധി അഡ്വ ആർ സുനിൽ, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവൽ,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date