ഓണക്കാല പ്രത്യേക പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്
ഓണ വിപണിയിൽ അളവ് തൂക്ക വഞ്ചനകൾ പൂർണമായും ഒഴിവാക്കുന്നതിന് കാര്യക്ഷമമായ പരിശോധനകൾ നടത്തുമെന്ന് തിരുവനന്തപുരം ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര പതിച്ച 5 ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിക്കാവുന്നതും പാചകവാതകം വിതരണം ചെയ്യുന്ന വാഹനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതുമാണ്. പരിശോധന ഓഗസ്റ്റ് 25 ഉത്രാടം വരെ തുടരും. ജില്ലയിൽ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർ മാർക്കറ്റുകൾ, ഇലക്ട്രിക് - ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങൾ,
ടെക്സ്റ്റൈലുകൾ, പഴം പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും അളവിലും തൂക്കത്തിലുമുള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിയമപരമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വിൽപന എന്നിവ കണ്ടെത്തുന്നതിന് ജില്ലാ ലീഗൽ മെട്രോളജി വ്യാപകമായ പരിശോധന നടത്തും. ഡെപ്യൂട്ടി കൺട്രോളർമാരുടെ നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കുന്നതിനായി ലീഗൽ മെട്രോളജി ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു.
കൺട്രോൾ റൂം ഫോൺ നമ്പറുകൾ
ഡെപ്യൂട്ടി കൺട്രോളർ: 9188525701, 8281698011, 8281698020. കൂടാതെ താഴെ പറയുന്ന നമ്പറുകളിലും പരാതികൾ അറിയിക്കാവുന്നതാണ്.
അസിസ്റ്റന്റ് കൺട്രോളർ: 8281698012
ഇൻസ്പെക്ടർ തിരുവനന്തപുരം: 8281698014
ആറ്റിങ്ങൽ: 8281698015, നെടുമങ്ങാട്: 8281698016, നെയ്യാറ്റിൻകര: 8281698017, 8282698018
കാട്ടാക്കട: 9400064081
വർക്കല: 9400064080
- Log in to post comments