നിയമലംഘന പ്രവർത്തനങ്ങൾ : കടൽ പട്രോളിങ് ശക്തമാക്കും
കടലിൽ കാണാതായവരെ തിരയുന്നതിനും കടൽ രക്ഷാപ്രവർത്തനങ്ങളും സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പോലീസുമായി ചേർന്ന് കടൽ പട്രോളിംഗ് ശക്തമാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കടലിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയുന്നതിനൊപ്പം, കടൽരക്ഷാ പ്രവർത്തനങ്ങളെക്കുറിച്ചും കാലാവസ്ഥ ജാഗ്രതാ മുന്നറിയിപ്പുകളെക്കുറിച്ചും മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണം ഉറപ്പാക്കുകയാണ് പട്രോളിംഗിലൂടെ ലക്ഷ്യമിടുന്നത്.
കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ യാനങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. യാനത്തിന്റെ രജിസ്ട്രേഷൻ അല്ലെങ്കിൽ ലൈസൻസ്, മത്സ്യത്തൊഴിലാളികളുടെ ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ എന്നിവ പൂർണമായും ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ നിയമാനുസൃത മത്സ്യബന്ധനം മാത്രമേ നടത്താവൂവെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശിച്ചു.
- Log in to post comments