100 ദിന കര്‍മ്മ പരിപാടിയിലൂടെ സമഗ്ര വികസനം ലക്ഷ്യമാക്കി കെ.എസ്.ഡി.സി; പദ്ധതികളുടെ പ്രഖ്യാപനവും വായ്പ വിതരണ മേളയും മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കോര്പ്പറേഷന് നടപ്പിലാക്കുന്ന പദ്ധതികളുടെ ഔപചാരിക പ്രഖ്യാപനവും വിവിധ വായ്പാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കായുള്ള വായ്പാ വിതരണ മേളയും പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മുടങ്ങിക്കിടന്നിരുന്ന എല്ലാ പദ്ധതികളും നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചതായി തൃശ്ശൂര്‍ കെ. കരുണാകരന് സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ശുചീകരണ തൊഴിലാളികള്‍ നമ്മുടെ സമൂഹത്തിലെ ഏറ്റവും ശ്രദ്ധ വേണ്ട ജനവിഭാഗമായതിനാല്‍ ശുചീകരണ തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഹരിതകര്‍മ്മസേന ഉള്‍പ്പെടെയുള്ള ശുചീകരണ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ദേശീയ സഫായ് കര്‍മ്മചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ വായ്പ പദ്ധതിക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. വായ്പ കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിനായി മേഖല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതിനും കോര്‍പ്പറേഷന്റെ പ്രവര്‍ത്തന ശൃംഖല വിപുലീകരിക്കുന്നതിനായി 3 പുതിയ സബ് ഓഫീസുകളുടെയും 2 മൈക്രോ ഓഫീസുകളും ആരംഭിക്കുന്നതിനുള്ള തീരുമാനവും ചടങ്ങില്‍ മന്ത്രി പ്രഖ്യാപിച്ചു. പട്ടികജാതി - പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന 'ഇന്ദിര ജ്യോതി' പദ്ധതിയും ചടങ്ങില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
തളിക്കുളം സി.ഡി.എസ് അംഗങ്ങള്‍ക്ക് 29.90 ലക്ഷം, മൂരിയാട് സി.ഡി.എസ് അംഗങ്ങള്‍ക്ക് 45.50 ലക്ഷം, ഗുരുവായൂര്‍ സി.ഡി.എസ് അംഗങ്ങള്‍ക്ക് 56.70 ലക്ഷം രൂപ വീതം വായ്പ മന്ത്രി കെ.എ. തുളസി വിതരണം ചെയ്തു. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ഗുണഭോക്താക്കള്‍ക്കായി 5.60 കോടി രൂപയുടെ വിവിധ വായ്പകള്‍ അനുവദിക്കുകയും ചെയ്തു.
ചടങ്ങില്‍ എസ്.ബി.ഐയുമായി സഹകരിച്ച് നടപ്പാക്കുന്ന എസ്.ബി.ഐ ഇ വാന്‍ ബോയ്സ്ഡ് റീപോയ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പുതിയ ഡിജിറ്റല്‍ വായ്പ തിരിച്ചടവ് സംവിധാനമാണ് എസ്.ബി.ഐ ഇ വാന്‍ ബോയ്സ്ഡ് റീപോയ്മെന്റ് സിസ്റ്റം. നിലവില്‍ വായ്പ പണമിടപാടുകള്‍ നടത്തുന്നതിന് ഗുണഭോക്താക്കള്‍ ഓഫീസുകളിലേക്കെത്തി പണം കൈകാര്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇതിനു പകരമായി എവിടെയിരുന്നും വേഗത്തിലും തിരിച്ചടവ് നടത്തുന്നതിനു വേണ്ടി വിഭാവനം ചെയ്യുന്ന പദ്ധതിയാണ് എസ്.ബി.ഐ ഇ വാന്‍ ബോയ്സ്ഡ് റീപോയ്മെന്റ് സിസ്റ്റം. കോര്‍പ്പറേഷന്റെ വിവിധ വായ്പ പദ്ധതികളെക്കുറിച്ചുള്ള പുതിയ ബ്രോഷറിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.
തൃശ്ശൂര്‍ കെ. കരുണാകരന് സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ രാജന് ജെ. പല്ലന്, കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്, എന്‍.എസ്.ടി.എഫ്.ഡി.സി ഹൈദരാബാദ് സോണല്‍ മാനേജര്‍ ഡോ. കൃഷ്ണവേണി, തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. സന്ധ്യ, തൃശ്ശൂര്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ ആര്. സിന്ധു, കെ.എസ്.ഡി.സി തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസ് മാനേജര്‍ ഇ ആന്‍ഡ് ആര്. ഷാജി ടി.വി, കെ.എസ്.ഡി.സി തൃശ്ശൂര്‍ കോര്‍പ്പറേറ്റ് ഓഫീസ് പ്രോജക്ട് മാനേജര്‍ റിനു ജോസ്, കെ.എസ്.ഡി.സി തൃശ്ശൂര്‍ ജില്ലാ മാനേജര്‍ ടി.പി വിദ്യ എന്നിവര്‍ സംസാരിച്ചു.
- Log in to post comments