Skip to main content

ഓണം വാരാഘോഷം: പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെയും സമാപന ഘോഷയാത്രയിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വിനോദസഞ്ചാരം സാംസ്‌കാരികം സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനദാനം നിർവഹിച്ചു. 

വിവിധ സർക്കാർ വകുപ്പുകളുടെയും കമ്മിറ്റികളുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ആഘോഷം വൻ വിജയമാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ഓണാഘോഷങ്ങൾക്കായുള്ള തയാറെടുപ്പുകൾ ഈ മാസം മുതൽ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂറിസം ഡയറക്ടർ അഞ്ജന എം.,അഡിഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഘോഷയാത്രയിലെ മത്സരങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഐ.എസ്.ആർ.ഒ, രണ്ടാം സ്ഥാനം നേടിയ ദക്ഷിണ റെയിൽവേ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ നൽകി. സംസ്ഥാന സർക്കാർ വകുപ്പുകളിൽ ഒന്നാം സ്ഥാനം കേരള വനം വന്യജീവി വകുപ്പിനും രണ്ടാം സ്ഥാനം എക്‌സൈസ് വകുപ്പിനുമായിരുന്നു. 

സർക്കാർ ഇതര/പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിനും, രണ്ടാം സ്ഥാനം പങ്കിട്ട നാഷണൽ ആയുഷ് മിഷൻ, കെ.ടി.ഡി.സി എന്നിവർക്കും മന്ത്രി മൊമന്റോ നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത് തിരുവനന്തപുരം കോർപ്പറേഷനും രണ്ടാം സ്ഥാനം നേടിയത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമാണ്. 

ബാങ്കിംഗ് മേഖലയിൽ മികച്ച അവതരണത്തിന് നബാർഡിനും സ്വകാര്യ മേഖലയിൽ പ്രോത്സാഹന സമ്മാനത്തിന് അർഹരായ കൃപാലയ ഹോം ഫോർ ദി എൽഡർലിക്കും മന്ത്രി മൊമന്റോ നൽകി.  

കലാരൂപങ്ങളുടെ മത്സരത്തിൽ ദൃശ്യവിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കളരി അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിനും രണ്ടാം സ്ഥാനം നേടിയ അറബനമുട്ട് ടീമിനും ശ്രവ്യകലാരൂപങ്ങളിൽ പഞ്ചാരിമേളത്തിൽ ഒന്നാം സ്ഥാനം നേടിയ വിഘ്‌നേഷിനും രണ്ടാം സ്ഥാനം നേടിയ കൗരവ കലാസമിതിക്കും (ശിങ്കാരിമേളം) ഉപഹാരം നൽകി. 

തിരുവാതിരക്കളി മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഉദിന്നൂർ ദേവി തിരുവാതിര സംഘം, ഉള്ളൂർ മഹാദേവ തിരുവാതിര ഗ്രൂപ്പ്, ശ്രീ ദുർഗ്ഗ എന്നിവർക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. 

അത്തപ്പൂക്കള മത്സരത്തിൽ മീഡിയ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ പയനിയർ ഡെയ്ലി, തനിനിറം ഡെയ്ലി, ജന്മഭൂമി എന്നിവർക്കും, ജനറൽ വിഭാഗത്തിൽ യഥാക്രമം വിജയികളായ ദീപാങ്കർ വി., ഷൈജു ആന്റണി, സനൽ കുമാർ സി.എസ്. എന്നിവർക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തിരുവാതിര, അത്തപ്പൂക്കളം മത്സര വിജയികൾക്ക് യഥാക്രമം ഇരുപതിനായിരം രൂപ, പതിനയ്യായിരം രൂപ, പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. 

മികച്ച ദീപാലങ്കാരത്തിന് സർക്കാർ മേഖലയിൽ ഒന്നാം സ്ഥാനം നേടിയ നിയമസഭാ സമുച്ചയത്തിനും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം കോർപ്പറേഷനും പൊതുമേഖലയിൽ കെൽട്രോൺ, ജലഭവൻ എന്നിവർക്കും, സ്വകാര്യ മേഖലയിൽ കല്യാൺ സിൽക്‌സ്, അന്നഭവൻ റെസ്റ്റോറന്റ് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. 

പതാക ഘോഷയാത്ര സ്വീകരണത്തിന് ഒന്നാം സ്ഥാനം നേടിയ ചിറയിൻകീഴ് നിയോജകമണ്ഡലത്തിനും രണ്ടാം സ്ഥാനം നേടിയ നേമം നിയോജകമണ്ഡലത്തിനും സമ്മാനങ്ങൾ വിതരണം ചെയ്തു. ഘോഷയാത്ര സ്വീകരണത്തിലും പൂക്കള മത്സരത്തിലും മികവ് പുലർത്തിയ വാമനപുരം മണ്ഡലത്തിലെ കല്ലറ ഗ്രാമപഞ്ചായത്തിനും ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.

 

മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ 'മാധ്യമം' ദിനപത്രത്തിലെ എ.സക്കീർ ഹുസൈൻ (മികച്ച റിപ്പോർട്ടർ), 'മാതൃഭൂമി'യിലെ എസ്. ശ്രീകേഷ് (മികച്ച ഫോട്ടോഗ്രാഫർ) എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ കൈമാറി. ദൃശ്യമാധ്യമ വിഭാഗത്തിൽ 'മനോരമ ന്യൂസി'ലെ വി.വിജയലക്ഷ്മി (മികച്ച റിപ്പോർട്ടർ), മനോരമ ന്യൂസിലെ തന്നെ സജിത് എസ്. ജെ (മികച്ച വീഡിയോഗ്രാഫർ) എന്നിവർക്കും മാധ്യമ പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. മൂവായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

date