*എച്ച് 1 എൻ 1: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ*
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യ കേന്ദ്രങ്ങളിലെത്തണം*
ജില്ലയിൽ പലയിടങ്ങളിലും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ഷീജ എൻ എ അറിയിച്ചു. രോഗമുള്ള ആൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വായുവിലൂടെ മറ്റൊരാളിലേക്ക് അസുഖം പകരാം.
*രോഗലക്ഷണങ്ങൾ*
പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് എച്ച് 1 എൻ 1-ന്റെ പ്രധാന ലക്ഷണങ്ങൾ. മിക്കവരിലും സാധാരണ പനി പോലെ 4-5 ദിവസങ്ങൾ കൊണ്ട് ഇത് ഭേദമാകുമെങ്കിലും ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള രോഗങ്ങൾ ഗുരുതരമാകൽ തുടങ്ങിയ സങ്കീർണതകൾക്കും സാധ്യതയുണ്ട്.
അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സ് കഴിഞ്ഞവർ, ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തണം. ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവരിലേക്ക് രോഗം പകരാൻ വഴിയൊരുങ്ങുന്നു. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനിൽക്കാൻ ഇടയുണ്ട്. അത്തരം വസ്തുക്കളിൽ സ്പർശിച്ചാൽ കൈകൾ കഴുകാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കുന്നത് രോഗം ബാധിക്കാൻ ഇടയാക്കിയേക്കും.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
രോഗപ്രതിരോധത്തിനായി വായും മൂക്കും മറയുന്ന വിധത്തിൽ മാസ്ക് ധരിക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. രോഗമുള്ളവരുമായി അടുത്ത് ഇടപഴകൽ, ഹസ്തദാനം എന്നിവ ഒഴിവാക്കണം.മൊബൈൽ ഫോൺ കൈമാറ്റം ചെയ്യാതിരിക്കുക. പുറത്തുപോയി വീട്ടിലെത്തിയാൽ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.
രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടണം. എച്ച് വൺ എൻ വൺ രോഗികളുമായി സമ്പർക്കമുള്ളവർ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിലെത്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും
ഡി.എം.ഒ. ആവശ്യപ്പെട്ടു.
- Log in to post comments