Skip to main content

പൂജ അവധി: കോളടിച്ച് മൂന്നാറിലെ ഡബിള്‍ ഡെക്കര്‍

പൂജ അവധി ദിവസങ്ങളില്‍ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ കൂട്ടമായെത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസിനും മികച്ച നേട്ടം. ഒക്ടോബര്‍ 17 മുതല്‍ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ 1191 പേരാണ് ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്. ലഭിച്ചത് 4,06,000 രൂപ.
 മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെ.എസ.്ആര്‍.ടി.സി യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസുകള്‍. നിലവില്‍ രണ്ടു ഡബിള്‍ ഡെക്കര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്.

മൂന്നാറിന്റെ മഞ്ഞുമൂടിയ മലനിരകളുടെയും പച്ചപ്പാര്‍ന്ന തേയിലത്തോട്ടങ്ങളുടെയും  മനോഹാരിത ആസ്വദിച്ചുകൊണ്ടുള്ള യാത്രയാണ് ഡബിള്‍ ഡെക്കര്‍ ബസുകളെ സഞ്ചാരികളുടെ പ്രിയപ്പെട്ട ആകര്‍ഷണമാക്കി മാറ്റുന്നത്. മൂന്നാറില്‍ നിന്നു കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.

കെ.എസ്.ആര്‍.ടി.സി.യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് 2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആരംഭിച്ചത്.  ഈ വര്‍ഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സര്‍വീസ് തുടങ്ങി. ഇതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഡബിള്‍ ഡക്കര്‍ യാത്രയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്.

രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വീസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്.

ഡബിള്‍ ഡെക്കറില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
നേരിട്ടും കെ.എസ്.ആര്‍.ടി.സി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും ബുക്ക് ചെയ്യാം.

 

ഇടുക്കിയില്‍ മൂന്നുദിവസം  ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ് ഒക്ടോബര്‍ 23,24,25 തീയ്യതികളില്‍(വെള്ളി,ശനി,ഞായര്‍)
ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. അപകടസാധ്യതയുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം.

ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുന്നതുവരെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലയില്‍ വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുവരെയുള്ള രാത്രി യാത്ര നിരോധിച്ചു.
 
ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, വള്ളസവാരി തുടങ്ങിയ ജലവിനോദങ്ങളും ട്രക്കിങ്, അഡ്വഞ്ചര്‍ ജീപ്പ് സഫാരി ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങളും ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ നിര്‍ത്തിവയ്ക്കണം.

 ദുരന്തനിവാരണവുമായി ബന്ധപ്പെട്ട അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു.

ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങളും ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണവും നിരോധിച്ചു.

ശക്തമായ മഴയുള്ള സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കുന്നതിനും നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും വിലക്ക്.

മലയോര റോഡുകളിലൂടെയുള്ള ഗതാഗതം പരമാവധി ഒഴിവാക്കാനും നദികള്‍ക്ക് സമീപം നില്‍ക്കാതിരിക്കാനും നിര്‍ദേശം.

അണക്കെട്ടുകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നദികളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലാ, താലൂക്ക് തലങ്ങളിലെ ഇന്‍സിഡന്റ് റെസ്പോണ്‍സ് സംവിധാനങ്ങള്‍ സജീവമാക്കും. ആരോഗ്യവകുപ്പ്, കെ.എസ്.ഇ.ബി., പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവയുടെ അടിയന്തര സേവനങ്ങളും സജ്ജമാക്കും.

date