Skip to main content

മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന

സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിക്കുന്നതായും സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റി അമിതവേഗത്തിൽ സർവീസ് നടത്തുന്നതായും ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിക്കുന്നതായും ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്‌സ്മെൻ്റ് മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.

സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയതായി കണ്ടെത്തിയ നാല് വാഹനങ്ങളുടെ സർവീസ് നിർത്തിവെക്കുന്നതിനായി നോട്ടീസ് നൽകി. വിവിധ നിയമലംഘനങ്ങളിലായി ആകെ 2,11,500 രൂപ പിഴ ഈടാക്കി.

എറണാകുളം എൻഫോഴ്‌സ്മെൻ്റ് ആർ.ടി.ഒ. ബിജു ഐസക്കിൻ്റെ നേതൃത്വത്തിൽ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. തൃപ്പൂണിത്തുറ, ഹൈക്കോടതി പരിസരം, ആലുവ, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, സ്‌പീഡ് ഗവർണർ അഴിച്ചുമാറ്റൽ, അമിതവേഗം, ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ആകെ 50 നിയമലംഘനങ്ങൾ കണ്ടെത്തി.

റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

date