Skip to main content

കായംകുളം ബസ് സ്റ്റാൻഡ് നിർമ്മാണം: കെ.എസ്.ആർ.ടി.സി എം.ഡി സന്ദർശനം നടത്തി; നിർമാണം വേഗത്തിലാക്കാൻ നിർദേശം

 

കായംകുളം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും നിലവിലുള്ള രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമായി കെ.എസ്.ആർ.ടി.സി എം.ഡി പി.എസ് പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കായംകുളം എം.എൽ.എ കൂടിയായ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി അഡ്വ. എം ലിജുവിന്റെ നിർദ്ദേശപ്രകാരമാണ് എം.ഡി സ്റ്റാൻഡ് സന്ദർശിച്ചതും യോഗം ചേർന്നതും.

നിലവിലുള്ള ബസ് സ്റ്റാൻഡ് രൂപരേഖയും ഡിസൈനും സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും മന്ത്രി എം ലിജുവിന് ലഭിച്ച പരാതികളെത്തുടർന്ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് കായംകുളത്ത് സംയുക്ത യോഗം സംഘടിപ്പിച്ചത്. കായംകുളത്തിന്റെ ഭാവി വികസന സാധ്യതകൾ മുന്നിൽക്കണ്ടാണ് നിർമ്മാണത്തിൽ തിരുത്തലുകൾ വരുത്തുന്നത്. നിർദ്ദിഷ്ട നിർമ്മാണ പ്രവൃത്തികൾ കുറച്ചുകൂടി പിന്നിലേക്ക് മാറ്റുന്നതിനും, കരിപ്പുഴ തോട് ഉൾപ്പെടുത്തിയുള്ള കായൽ ടൂറിസം പദ്ധതികൾ, എലിവേറ്റഡ് ഹൈവേ, കോർട്ട് റോഡ് വികസനം എന്നിവ കണക്കിലെടുത്തും രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. യോഗത്തിലുയർന്ന ഈ നിർദ്ദേശങ്ങൾ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പങ്കെടക്കുന്ന മന്ത്രിതല യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് എം.ഡി അറിയിച്ചു.

കെ.എസ്.ആർ.ടി.സി എം.ഡി പി.എസ് പ്രമോജ് ശങ്കറിന് പുറമേ പൊതുമരാമത്ത് വകുപ്പ് ചീഫ് ആർക്കിടെക്റ്റ്, പി.ഡബ്ല്യു.ഡി എഞ്ചിനീയർമാർ, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date