Skip to main content

സംസ്ഥാന സി.ബി.എസ്.ഇ സഹോദയ കലോത്സവം 2026: മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവം-2026 ന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
എല്ലാ കലോത്സവങ്ങളും നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉത്സവങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേണ്ടിയിട്ടുള്ള വേദികളാണ്. പഠനത്തിന്റെ രസച്ചരട് ഇടയ്ക്കിടയ്ക്ക് മുറിഞ്ഞുപോകുമ്പോൾ അത് കൂട്ടിക്കെട്ടുന്നത്  കലോത്സവങ്ങളാണ്. സംസ്ഥാനത്തെ മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നും വരുന്ന കുട്ടികൾക്ക് അവരുടെ പരിപാടികൾ അവതരിപ്പിക്കാനുള്ള വലിയൊരു വേദിയായി സഹോദയയുടെ ഈ കലോത്സവം മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കലോത്സവ വേദികളിൽ എത്തുമ്പോൾ അതിന്റെ കൂട്ടായ്മയും രസകരമായ അനുഭവങ്ങളും നിറഞ്ഞ ഗൃഹാതുരത്വ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നവർക്ക് മാത്രമല്ല, കാണികളായി എത്തുന്നവർക്കും പങ്കുചേരുന്നവർക്കും പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും കലോത്സവങ്ങൾ ആഹ്ലാദകരമായ അനുഭവമാണ് നൽകുന്നത്.

മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടന്ന പരിപാടിയിൽ
കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡന്റ് ഡോ. ജോജി പോൾ അധ്യക്ഷത വഹിച്ചു.   ബെന്നി ബെഹനാൻ എം.പി, എം.എൽ.എമാരായ രമേഷ് പിഷാരടി, അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. കെ. രാജൻ, അഡ്വ. ടി.ജെ. സനീഷ് കുമാർ ജോസഫ്, പ്രൊഫ. സി. രവീന്ദ്രനാഥ്, കോൺഫെഡറേഷൻ ട്രഷറർ ഫാ. ജോർജ് പുഞ്ചയിൽ സി.എം.ഐ തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

 കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ സ്വാഗതവും ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ ആമുഖ പ്രഭാഷണവും നടത്തി.

 ജനറൽ കൺവീനറും ഹോളി ഗ്രേസ് അക്കാദമി പ്രിൻസിപ്പലുമായ ഡോ. പി.വി. ലിവിയ കലോത്സവ അവലോകനവും തൃശ്ശൂർ സെൻട്രൽ സഹോദയ പ്രസിഡന്റ് ബിനു കെ. രാജ് നന്ദിയും പറഞ്ഞു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.

date