നാട്ടിക ഗ്രാമപഞ്ചായത്തിൽ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് തുടക്കമായി
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'ചീഫ് മിനിസ്റ്റേഴ്സ് മത്സ്യ സമൃദ്ധി' പദ്ധതിയുടെ ഭാഗമായി നാട്ടിക ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. നാട്ടിക മത്സ്യഭവന് കീഴിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വളാട്ട്ചിറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഉണ്ണികൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിച്ച് ഭക്ഷ്യസുരക്ഷയും മത്സ്യലഭ്യതയിൽ സ്വയംപര്യാപ്തതയും കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുകുളങ്ങൾ വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനും കുടിവെള്ള ക്ഷാമം ഒരു പരിധിവരെ പരിഹരിക്കാനും ഇതിലൂടെ സാധിക്കും. ഒരു ഹെക്ടറിൽ 7,500 മീൻകുഞ്ഞുങ്ങൾ എന്ന തോതിൽ, വളാട്ട്ചിറ കുളത്തിൽ 600-ഓളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, വാർഡ് അംഗങ്ങളായ നിഷ ഉണ്ണികൃഷ്ണൻ, അംബിക ടീച്ചർ, സി.എസ്. മണികണ്ഠൻ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയായ ആതിര, സാഗർമിത്ര നീതു, മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments