അഗ്രിസ്റ്റാക്ക് ഫാർമർ രജിസ്ട്രിക്ക് ജില്ലാ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു
ജില്ലയിലെ മുഴുവൻ കർഷകർക്കും പ്രത്യേക ഫാർമർ ഐഡി നൽകുന്നതിന്റെ ഭാഗമായി അഗ്രിസ്റ്റാക്ക് ഫാർമർ രജിസ്ട്രിയുമായി ബന്ധപ്പെട്ട് 15 അംഗ ജില്ലാ തല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ കലക്ടർ പി വിഷ്ണു രാജ് ചെയർമാനും പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി ചെങ്ങാട്ട് കൺവീനറുമായാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. വിവിധ വകുപ്പുകളിൽ നിന്നുള്ള 11 അംഗങ്ങളും പ്രിൻസിപ്പൽ കൃഷി ഓഫീസർ നിർദേശിക്കുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള അംഗങ്ങളായി കൃഷി ഡെപ്യൂട്ടി ഡയറക്ടർ (സി), മാലൂർ, കല്ല്യാശ്ശേരി കൃഷി ഓഫീസർമാർ എന്നിവരും സമിതിയിലുണ്ട്.
ജില്ലാ കലക്ടർ പി. വിഷ്ണു രാജ്, അസിസ്റ്റന്റ് കലക്ടർ എസ്. സ്വാതി, സബ് കലക്ടർ രവി മീണ എന്നിവർ പങ്കെടുത്തു.
അഗ്രിസ്റ്റാക്ക് പദ്ധതി പ്രധാനമായും കർഷക രജിസ്ട്രി, ജിയോ റഫറൻസ്ഡ് വില്ലേജുകൾ, ഡിജിറ്റൽ ക്രോപ്പ് സർവേ എന്നീ മൂന്ന് അടിസ്ഥാന ഡാറ്റാബേസുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ഓരോ കർഷകനും പ്രത്യേക ഫാർമർ ഐഡി ലഭിക്കും. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്.
അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി കേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവ വഴി കർഷകർക്ക് രജിസ്ട്രേഷന് അപേക്ഷിക്കാം. വില്ലേജ് അസിസ്റ്റന്റ് അപേക്ഷയും വിവരങ്ങളും പരിശോധിച്ച് വില്ലേജ് ഓഫീസർ അംഗീകാരം നൽകും. നിലവിൽ ഭൂവുടമകൾക്ക് മാത്രമാണ് രജിസ്ട്രേഷന് അവസരമുള്ളത്.
ഭാവിയിൽ പി.എം. കിസാൻ സമ്മാൻ നിധി, ഇൻഷുറൻസ്, വളം വാങ്ങൽ തുടങ്ങിയ വിവിധ കാർഷിക സേവനങ്ങളും ആനുകൂല്യങ്ങളും ഫാർമർ ഐഡി മുഖേനയായിരിക്കും ലഭ്യമാകുക.
പി.എം.ഡി.ഡി.കെ.വൈ പദ്ധതിയുടെ അവലോകന യോഗവും ചേർന്നു. ജില്ലയുടെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ കൃഷിവകുപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കലക്ടർ ചർച്ച ചെയ്തു. ജലസേചനം, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, പരിശീലനം എന്നീ നാല് മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പോർട്ടലിൽ കൃത്യമായും മെച്ചപ്പെട്ട രീതിയിലും വിവരങ്ങൾ രേഖപ്പെടുത്തണമെന്നും ഇതിലൂടെ ജില്ലയുടെ റാങ്കിങ് മെച്ചപ്പെടുത്താനാകുമെന്നും കലക്ടർ നിർദേശിച്ചു.
- Log in to post comments