പെൻഷന് ആധാർ ഓതന്റിക്കേഷൻ
കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്ന മത്സ്യ അനുബന്ധ തൊഴിലാളികൾ ആധാർ ഓതന്റിക്കേഷൻ പൂർത്തീകരിക്കാൻ ഫിഷറീസ് ഓഫീസുമായോ മത്സ്യഭവനുമായോ ബന്ധപ്പെടണമെന്ന് മത്സ്യബോർഡ് കമ്മീഷണർ അറിയിച്ചു. സെപ്റ്റംബറിൽ വരെ മസ്റ്ററിംഗ് നടത്തുകയും എന്നാൽ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കാത്തതുമായ 16,951 മത്സ്യ അനുബന്ധ തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി വിധവ പെൻഷൻ ഗുണഭോക്താക്കൾക്കും സെപ്റ്റംബർ മാസത്തെ പെൻഷൻ ലഭിക്കാതെ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യ ഭവനുകളും ഫിഷറീസ് ഓഫീസുകളും കേന്ദ്രീകരിച്ചു ക്യാമ്പുകളും തീവ്രയജ്ഞ പരിപാടികളും സംഘടിപ്പിക്കുകയും പെൻഷൻ ലഭിക്കാതെ വന്ന 16,951 പേരിൽ 10,908 പേർക്ക് ഒക്ടോബർ മാസത്തിലെ പെൻഷൻ ലഭ്യമാക്കുകയും ചെയ്തു. ശേഷിക്കുന്ന 5,683 പേരിൽ 3,002 പേരുടെ ആധാർ ഓതന്റിക്കേഷൻ കൂടി ഇതിനകം പൂർത്തീകരിച്ചു. ഇവർ ഉൾപ്പെടെ ആകെ 13,910 പേർക്ക് നവംബർ മാസത്തിൽ പെൻഷൻ ലഭിക്കും. ശേഷിക്കുന്ന 2,861 പേരുടെ ആധാർ ഓതന്റിക്കേഷൻ നടപടിക്കായി ഫിഷറീസ് ഓഫീസ് കേന്ദ്രീകരിച്ച് സാഗർ മിത്രകളുടെ കൂടി സഹകരണത്തോടെ സത്വര നടപടി കൈകൊണ്ടിട്ടുണ്ട്.
ആലപ്പഴ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മേഖലകളിൽ ഇത്തരത്തിൽ പെൻഷൻ ലഭിക്കാതെ വന്നവരിൽ ആധാർ ഓതന്റിക്കേഷൻ നടത്താനുളളവർ യഥാക്രമം 909, 854, 864 എന്നിങ്ങനെയാണ്. എറണാകുളം, കണ്ണൂർ മേഖലകൾ 98 ശതമാനം ആധാർ ഓതന്റിക്കേഷൻ കൈവരിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 4813/2026
- Log in to post comments