ഭൂജലവില്പന:നിരാക്ഷേപപത്രത്തിന് അപേക്ഷകൾ സ്വീകരിക്കും.
എറണാകുളം ജില്ലയിൽ സ്വകാര്യ ടാങ്കർ ലോറികൾക്ക് വിതരണത്തിനായി ഭൂജലം വില്പന നടത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂജലവകുപ്പിന്റെ നിരാക്ഷേപപത്രം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിച്ചു തുടങ്ങി. സാധുവായ നിരാക്ഷേപപത്രം (NOC) ഇല്ലാതെ ഭൂജലം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിൽ അനധികൃതമായി ഭൂജലം വിൽക്കുന്നവർക്കെതിരെ പാരിസ്ഥിതിക നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കനത്ത പിഴ ഈടാക്കും.
ടാങ്കർ ലോറികൾക്ക് കിണറുകളിൽ നിന്നും ഭൂജലവില്പന നടത്തുവാൻ താല്പര്യപ്പെടുന്നവർ എറണാകുളം കാക്കനാട് പ്രവർത്തിക്കുന്ന ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ അപേക്ഷാ ഫീസായ 3860/- രൂപ അടച്ച് അനുബന്ധരേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം. നിശ്ചിത അപേക്ഷാഫോമിനൊപ്പം വസ്തുവിൻ്റെ കരമടച്ച രസീത്, ലൊക്കേഷൻ സ്കെച്ച്, തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിന്നുള്ള കിണറിന്റെ പെർമിറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ജലത്തിൻ്റെ രാസ-ജൈവ ഗുണനിലവാര പരിശോധനാ റിപ്പോർട്ട് എന്നിവ ഹാജരാക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ സ്ഥലപരിശോധന, കിണറിൻ്റെ ജലലഭ്യതാ പരിശോധന (yield test) എന്നിവ ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയാക്കിയശേഷം ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല അവലോകന സമിതിയുടെ ശിപാർശയോടുകൂടി ഭൂജലവകുപ്പിൽ നിന്നും നിരാക്ഷേപപത്രം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2956331 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
- Log in to post comments