Skip to main content

സഹകരണ വാരാഘോഷം: റിസ്ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു

 

73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ റിസ്ക് ഫണ്ട് ധനസഹായം വിതരണം ചെയ്തു. വായ്പയെടുത്ത അംഗങ്ങൾ മരണപ്പെടുകയോ മാരകരോഗങ്ങൾ ബാധിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അവരുടെ വായ്പാബാധ്യതയിൽ ഇളവ് നൽകുന്നതിനും ഒഴിവാക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ധനസഹായം വിതരണം ചെയ്തത്. വടകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ പരിപാടി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) ഫിറോസ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ. ഷീജ ധനസഹായം വിതരണം ചെയ്തു.

കേരളത്തിലെ വായ്പാ സഹകരണ സംഘങ്ങളിൽനിന്ന് കാർഷിക, കാർഷികേതര ആവശ്യങ്ങൾക്കായി വായ്പയെടുത്ത അംഗങ്ങൾക്ക് വായ്പാ കാലയളവിൽ മരണമോ മാരകരോഗങ്ങളോ സംഭവിക്കുന്ന സാഹചര്യങ്ങളിൽ റിസ്ക് ഫണ്ട് നിയമാവലിയിലെ വ്യവസ്ഥകൾക്ക് വിധേയമായി സാമ്പത്തിക സഹായം നൽകുന്നതാണ് കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതി 2008. അംഗങ്ങളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക പ്രയാസങ്ങൾക്ക് ആശ്വാസമേകുന്നതിനൊപ്പം സഹകരണ സംഘങ്ങളുടെ വായ്പാ പരിരക്ഷ ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായ്പാ കാലയളവിലോ വായ്പാ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ വായ്പ എടുത്തയാൾ മരണപ്പെട്ടാൽ റിസ്ക് ഫണ്ട് നിയമാവലിയിലെ വ്യവസ്ഥകൾക്ക് വിധേയമായി പരമാവധി മൂന്ന് ലക്ഷം രൂപ വരെ മരണാനന്തര ധനസഹായം അനുവദിക്കും. ഒരു വായ്പക്കാരൻ വിവിധ സഹകരണ സംഘങ്ങളിൽനിന്നെടുത്ത വായ്പകളിലായി പരമാവധി ആറുലക്ഷം രൂപ വരെയാണ് സഹായം ലഭിക്കുക.

കോഴിക്കോട് റീജിയണൽ റിസ്ക് ഫണ്ട് ബോർഡ് അസിസ്റ്റന്റ് രജിസ്ട്രാർ സജിമോൾ, അസിസ്റ്റന്റ് രജിസ്ട്രാർ (എസ്. സി. /എസ്. ടി.) കെ. സിന്ധു എന്നിവർ പങ്കെടുത്തു.

date