Skip to main content

സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നു: മന്ത്രി പി. സി. വിഷ്ണുനാഥ്

 

കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷത്തിന് കൊയിലാണ്ടിയിൽ തുടക്കം

സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവർക്ക് കൂടുതൽ സഹായവും പിന്തുണയും നൽകുന്ന ജനകീയ സംവിധാനമാണെന്ന് ടൂറിസം, സാംസ്‌കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ സാമൂഹിക വളർച്ചയിലും ദേശീയ പുരോഗതിയിലും സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. സഹകരണ മേഖല കേവലം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ വിശാല സാമൂഹിക കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു. വിവിധ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ട്. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസം സംരക്ഷിച്ച്‌ ജനങ്ങൾക്ക് കൂടുതൽ താങ്ങും തണലുമായി മാറാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ചടങ്ങിൽ കെ. പ്രവീൺകുമാർ എം. എൽ. എ. അധ്യക്ഷനായിരുന്നു.

വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ജില്ലാ, താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാർ, ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് എം. ഡി. ഡോ. എം. രാമനുണ്ണി നയിച്ചു. ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും അണിനിരന്ന വർണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു.

കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ (ജനറൽ) കെ. ഷീജ, വടകര സർക്കിൾ സഹകരണ യൂണിയൻ പ്രതിനിധി രവീന്ദ്രൻ ആയേടത്തിൽ, കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. വിജയൻ, കടത്തനാട് പ്രവാസി സഹകരണ സംഘം പ്രസിഡന്റ് ഐ. മൂസ, ഏറാമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, പാക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് പുത്തൂർ, എംപ്ലോയീസ് ഫ്രണ്ട് പ്രതിനിധി സി. വി. അജയൻ, സി. ഇ. ഒ. സ്റ്റേറ്റ് സെക്രട്ടറി ഇഖ്ബാൽ കത്തർമൽ, ഐ. എൻ. ടി. യു. സി പ്രതിനിധി സി.വി. അഖിൽ, ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ പ്രതിനിധി നംഷീദ്, കെ. സി .ഇ. സി. പ്രതിനിധി മലയിൽ ബാലകൃഷ്ണൻ, ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ, കൊയിലാണ്ടി സർവീസ് സഹകരണ യൂണിയൻ ചെയർമാൻ എ. കെ. മണി എന്നിവർ സംസാരിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്. നവംബർ 14 മുതൽ 20 വരെയാണ് വാരാഘോഷം. സംസ്ഥാനതല ഉദ്ഘാടനം നവംബർ 14 ന് എറണാകുളത്ത് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചിരുന്നു.

date