Skip to main content

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്കൊരുങ്ങി കൊല്ലം രജിസ്‌ട്രേഷന്‍ 19 വരെ നീട്ടി; ചെറുവള്ളങ്ങളുടെ ബോണസ് തുക വര്‍ധിപ്പിച്ചു ആവേശമേകി കായിക മത്സരങ്ങളും കലാസന്ധ്യയും

പ്രസിഡന്റ്‌സ് ട്രോഫി 12-ാം എഡിഷനും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിനും ഒരുങ്ങി കൊല്ലം. നവംബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് കൊല്ലം അഷ്ടമുടി കായലില്‍ നടക്കുന്ന വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നാളെ (19) വൈകിട്ട് അഞ്ച് മണി വരെ നീട്ടി. ചെറുവള്ളങ്ങളുടെ ബോണസ് തുക ഉയര്‍ത്താനും ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയിലും വിഷ്ണു മോഹന്‍ എം എല്‍ എയുടെ സാന്നിധ്യത്തിലും കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. മുന്‍കാലങ്ങളില്‍ വെപ്പ്, ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങള്‍ക്ക് 75,000 രൂപയായിരുന്ന ബോണസ് ഇത്തവണ ഒരു ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഈ ഇനങ്ങളില്‍ വിജയികള്‍ക്ക് സമ്മാനത്തുകയായി 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 20,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങള്‍ക്ക് 50,000 രൂപയായിരുന്ന ബോണസ് 75,000 ആക്കി വര്‍ധിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനത്തുകയായി 20,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 15,000 രൂപയും ട്രോഫിയും ലഭിക്കും. വനിതകളുടെ തെക്കനോടി വള്ളങ്ങള്‍ക്ക് 60,000 രൂപയായിരുന്ന ബോണസ് 75,000 രൂപയാക്കി വര്‍ധിപ്പിച്ചു. ഈ ഇനത്തില്‍ വിജയികള്‍ക്ക് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും ട്രോഫിയുമാണ് സമ്മാനം. അഷ്ടമുടിക്കായലില്‍ ആവേശത്തുഴയെറിയുന്ന 9 ചുണ്ടന്‍ വള്ളങ്ങളില്‍ വിജയിയാകുന്ന ചുണ്ടന് പ്രസിഡന്റ്‌സ് ട്രോഫി സമ്മാനിക്കും.
ചെറുവള്ളങ്ങളുടെ മത്സരങ്ങളില്‍ ഏതെങ്കിലും ഇനങ്ങളില്‍ രണ്ട് വള്ളങ്ങള്‍ മാത്രം രജിസ്റ്റര്‍ ചെയ്താലും മത്സരം നടത്താന്‍ യോഗം തീരുമാനിച്ചു.

ഓളപ്പരപ്പിലെ ആവേശപ്പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ന് (18) മുതല്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഇന്ന് (18) വൈകിട്ട് 6.30ന് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഡി ടി പി സി ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവ് തായമ്പക അരങ്ങേറും. തുടര്‍ന്ന് 8.30 മുതല്‍ കുട്ടികളുടെ കലാപരിപാടികളും നടക്കും. നാളെ (19) വൈകീട്ട് 6.30ന് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലെ മംഗനിയാര്‍ ഗാര്‍ഡന്‍സില്‍ ഗായകന്‍ ജോബ് കുര്യനും സംഘവും സംഗീതവിരുന്നൊരുക്കും. മറ്റന്നാള്‍ (20) വൈകീട്ട് 6.30ന് ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ മത്തായി സുനിലും സംഘവും നയിക്കുന്ന പാട്ടുപുരയും എട്ട് മണിക്ക് കീഴില്ലം ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും.

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയുടെയും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിന്റെയും പ്രചാരണാര്‍ഥമുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇന്ന് (18) വൈകിട്ട് നാല് മണിക്ക് ആശ്രാമം മൈതാനത്ത് മേയര്‍ എ കെ ഹഫീസ് ഉദ്ഘാടനം ചെയ്യും. ഇന്ന് ലീഗ് മത്സരങ്ങളും നാളെ (19) ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്. ലീഗ് മത്സരങ്ങളില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ ടീമും ജില്ലാ കലക്ടര്‍, മേയര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവരുടെ ടീമുകളും ഏറ്റുമുട്ടും.

ജലോത്സവത്തോടനുബന്ധിച്ച് നാളെ (19ന്) നാല് മണിക്ക് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസ് പരിസരം മുതല്‍ പ്രസിഡന്റ്‌സ് ട്രോഫി പവലിയന്‍ വരെ വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. മന്ത്രിമാര്‍,  ജനപ്രതിനിധികള്‍,   മേയര്‍ ,  ജില്ലാ കലക്ടര്‍, കലാകായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, എന്‍ എസ് എസ്, എസ് പി സി, എന്‍ സി സി കേഡറ്റുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരും ഘോഷയാത്രയില്‍ അണിചേരും. 19ന് രാവിലെ 6.30ന്  മേയര്‍, ജില്ലാ കലക്ടര്‍,   ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡി ടി പി സി, കോര്‍പ്പറേഷന്‍, ഹരിതകര്‍മസേന, ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വള്ളംകളി നടക്കുന്ന കായല്‍ പ്രദേശം  ശുചീകരിക്കും.  
അവലോകന യോഗത്തില്‍ സബ് കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, എ ഡി എം എസ് സജീദ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ഐ സുബൈര്‍ കുട്ടി, ഡി ടി പി സി ജില്ലാ സെക്രട്ടറി ജ്യോതിഷ് കേശവന്‍ തുടങ്ങിയവരും സംഘാടക സമിതി പ്രതിനിധികളും വിവിധ സബ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്തു.

മികച്ച മീഡിയ കവറേജിന് പുരസ്‌കാരം; എന്‍ട്രികള്‍ ക്ഷണിച്ചു

പ്രസിഡന്റ്‌സ് ട്രോഫി 12-ാം എഡിഷന്റെ ഭാഗമായി മികച്ച മാധ്യമ കവറേജിന് പുരസ്‌കാരങ്ങള്‍ നല്‍കും. അച്ചടി മാധ്യങ്ങളിലെയും ദൃശ്യമാധ്യമങ്ങളിലെയും മികച്ച റിപ്പോര്‍ട്ടിങ്ങിനും അച്ചടി മാധ്യമങ്ങളിലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമങ്ങളിലെ മികച്ച ക്യാമറാമാനുമാണ് അവാര്‍ഡ് നല്‍കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ദൃശ്യമാധ്യമങ്ങളില്‍ സംപ്രേഷണം  ചെയ്ത റിപ്പോര്‍ട്ടുകളും മികച്ച ദൃശ്യങ്ങളുമാണ് അവാര്‍ഡിനായി പരിഗണിക്കുക. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും അസലാണ് അവാര്‍ഡിനായി നല്‍കേണ്ടത്. ദൃശ്യമാധ്യമ സ്റ്റോറികള്‍ പരമാവധി രണ്ട് മിനിറ്റില്‍ കൂടാന്‍ പാടില്ല. വീഡിയോ പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കണം. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും പാസ് പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍നമ്പരും സഹിതം ആണ് അപേക്ഷിക്കേണ്ടത്. എന്‍ട്രികള്‍ നവംബര്‍ 28 വൈകിട്ട് 5 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. ലഭിച്ച എന്‍ട്രികളില്‍ നിന്ന് മികച്ചതായി ജൂറി തെരഞ്ഞെടുക്കുന്നവയ്ക്കാണ് അവാര്‍ഡ് നല്‍കുക. ചുരുങ്ങിയത് 4 എന്‍ട്രികളെങ്കിലും ഉണ്ടെങ്കിലേ അവാര്‍ഡ് നല്‍കുകയുള്ളൂ.

വ്‌ളോഗര്‍മാരുടെ യോഗം വിളിച്ചു

പ്രസിഡന്റ്‌സ് ട്രോഫി 12-ാം എഡിഷന് സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച കവറേജ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വ്‌ളോഗര്‍മാരുടെ യോഗം വിളിച്ചു. ഇന്ന് (18) ഉച്ചയ്ക്ക് 2 മണിക്ക് ഡി ടി പി സി ഓഫീസിലാണ് യോഗം. താത്പര്യമുള്ള വ്‌ളോഗര്‍മാര്‍ക്ക് പങ്കെടുക്കാം. സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന മികച്ച വ്‌ലോഗുകള്‍ തയ്യാറാക്കുന്ന വ്‌ളോഗര്‍ക്ക് പുരസ്‌കാരവും നല്‍കും.
 (പി.ആര്‍.കെ നമ്പര്‍ 3265/2026)
 

 

date