Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : ഇരട്ടി മധുരത്തിൽ സത്യൻ മാഷ്

കളിക്കളം  കൊടിയിറങ്ങുമ്പോൾ തുടർച്ചയായ നാലാം വർഷവും ഓവറോൾ കിരീടം നിലനിർത്തിയതിന്റെ അഭിമാനത്തിലാണ്  എം.ആർ.എസ്. കണിയാമ്പറ്റയിലെ കായികാധ്യാപകൻ വി എം സത്യൻ. 17 സ്വർണവും 10 വെള്ളിയും അഞ്ച് വെങ്കലവും ഉൾപ്പെടെ 134 പോയിന്റ് നേടിയാണ് കണിയാമ്പറ്റ കായികമേളയിൽ ചാമ്പ്യന്മാരായത്. മികച്ച പരിശീലകനുള്ള പുരസ്‌കാരം കൂടി അദ്ദേഹം സ്വന്തമാക്കിയതോടെ വിജയത്തിന്റെ തിളക്കമേറി.

വർഷങ്ങൾ നീണ്ട പരിശീലന പാരമ്പര്യവും ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തതിലൂടെ നേടിയ അനുഭവസമ്പത്തുമാണ് മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിൽ സത്യന് കരുത്താകുന്നത്. കുട്ടികളിലെ കായികശേഷി തിരിച്ചറിഞ്ഞ് കൃത്യമായ പരിശീലനവും നിരന്തര പ്രോത്സാഹനവും നൽകിയാണ് അദ്ദേഹം ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയും പരിശീലനത്തിലെ അച്ചടക്കവുമാണ് മികച്ച വിജയത്തിന് പിന്നിലെന്ന് വി. എം സത്യൻ പറഞ്ഞു. പരിശീലനത്തിൽ പങ്കെടുക്കുന്നതിൽ കുട്ടികൾ ഒരിക്കലും മടി കാണിച്ചിരുന്നില്ല. അച്ചടക്കത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. അധ്യാപകൻ എന്നതിലുപരി കുട്ടികളുമായി സൗഹൃദബന്ധം നിലനിർത്താനും അവരുടെ താൽപര്യങ്ങളും പരിമിതികളും മനസ്സിലാക്കി ഒപ്പം നിൽക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

date