Skip to main content

ലഹരിവിമുക്ത അരൂരിനായി കൈകോർത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും * ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു 

 

അരൂർ നിയോജക മണ്ഡലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ ക്യാമ്പ് ഓഫീസിൽ ഉന്നതതല യോഗം ചേർന്നു. കേരള പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ', എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ' എന്നീ പദ്ധതികളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് പോലീസ്, എക്സൈസ്, റവന്യൂ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം വിളിച്ചുചേർത്തത്.

​ഇതിന്റെ ഭാഗമായി ഡിസംബർ 18-ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പ്രത്യേക ശില്പശാല സംഘടിപ്പിക്കാനും ലഹരിവിമുക്ത അരൂരിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. ഈ പോരാട്ടത്തിൽ മാതാപിതാക്കൾ മുന്നണി പോരാളികളാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 'ഓപ്പറേഷൻ തൂഫാനി'ലൂടെ ചേർത്തല താലൂക്കിൽ മാത്രം 300-ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായി ഡി.വൈ.എസ്.പി മഞ്ജുലാൽ യോഗത്തിൽ അറിയിച്ചു.

​തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത, ജില്ലാ പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ, ചേർത്തല തഹസിൽദാർ ആൽബിൻ ജോസഫ്, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. പട്രോളിംഗ് ശക്തമാക്കണമെന്നും പ്രചാരണ പരിപാടികൾ ഊർജ്ജിതമാക്കണമെന്നും പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

date