ലോക്സഭ തെരഞ്ഞെടുപ്പ് ; പ്രചാരണ സാമഗ്രികള്‍ പോളിംഗിന് മുന്‍പ് നീക്കം ചെയ്യണം
പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ പരിധിയില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ പ്രചാരണ സാമഗ്രികളും പോളിംഗ് ആരംഭിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വരുന്നതായും ഇവിടങ്ങളില്‍ സ്ഥിര നിര്‍മിതിയായി പാര്‍ട്ടി ചിഹ്നങ്ങള്‍, പതാകകള്‍ എന്നിവ സ്ഥാപിച്ചതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവ പുറമെ കാണാത്ത രീതിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണ്ടതാണെന്നും നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി നടപ്പിലാക്കി വരുന്ന സാഹചര്യത്തില്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും പൊതു സ്ഥലങ്ങള്‍ കയ്യേറി അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്ത് ചെലവുകള്‍ സ്ഥാനാര്‍ത്ഥിയുടെ കണക്കില്‍ പെടുത്തുകയും ചെയ്തു വരുന്നുണ്ട്.
- Log in to post comments