Skip to main content

ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം ഇന്നും നാളെയും

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (മെയ് 11) തുടക്കമാകും. ബഹുജന പങ്കാളിത്തത്തോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പൊതുജനങ്ങളെ അണിനിരത്തിയുള്ള മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുക. പ്രാദേശിക തലങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ശുചികരണത്തില്‍ പങ്കാളികളാകും. 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം, മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം' എന്നീ രണ്ട് മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ ബോധവത്ക്കരണവും പ്രവര്‍ത്തനത്തോടൊപ്പമുണ്ടാകും. 
ഗാര്‍ഹികതലത്തിലും ഓഫീസുകള്‍/സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പൊതു ഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വാര്‍ഡ് തലത്തില്‍ 50 വീടുകള്‍ അടങ്ങുന്ന ക്ലസ്റ്ററുകളുണ്ടാക്കി അതത് പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ  മാലിന്യ നിര്‍മാര്‍ജന പരിപാടിയാണ് നടത്തുക. മാലിന്യത്തിന്റെ അളവ് കുറച്ച് ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ സാധ്യതകള്‍ ബോധവത്ക്കണം ഊര്‍ജിതമാക്കുകയും ചെയ്യും. മഴക്കാലത്ത് കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, പറമ്പുകള്‍, ഉപയോഗിക്കാത്ത വള്ളങ്ങള്‍ എന്നിവ ശുചിയാക്കി  കൊതുകു വളര്‍ത്തു കേന്ദ്രങ്ങളാകുന്നത് തടയും. 
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മെയ് 11, 12 തിയ്യതികളില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികള്‍ ജില്ലയിലും പൂര്‍ത്തിയാക്കി. ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, സംഘടനകള്‍, റസിഡന്റ് അസോസിയേഷനുകള്‍, ക്ലബുകള്‍, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അതാത് പഞ്ചായത്ത്,  മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുമായി ചേര്‍ന്ന് ശുചീകരണത്തില്‍ പങ്കാളികളാകും. കോര്‍പ്പറേഷന്‍ പരിധിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ക്ക്  9895770777 എന്ന നമ്പറിലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശുചീകരണത്തിന്  താത്പര്യമുള്ളവര്‍ക്ക് 919495995419 എന്ന നമ്പറിലും ബന്ധപ്പെടാം. റസിഡന്‍സ് അസോസിയേഷനുകളും ശുചീകരണത്തില്‍ ഭാഗമാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

date