വൈദ്യുത അപകടം: ജാഗ്രത മുന്നറിയിപ്പുമായി കെഎസ്ഇബി
വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതര്‍. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.
രാത്രി കാലത്ത് ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്. മഴക്കാലത്ത് വെളിച്ചമില്ലാതെ രാത്രി കാലങ്ങളിലും, അതിരാവിലെയും യാത്ര ചെയ്യരുത്. വൈദ്യുതി കമ്പികള്‍ പൊട്ടി വീണതായി ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും വീഴാറായതുമായ മരങ്ങള്‍ വെട്ടി മാറ്റുന്നതിനും വൈദ്യുതി പുനസ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട്് വൈദ്യുതി ബോര്‍ഡ് ജീവനക്കാരുമായി സഹകരിക്കുക. സമീപമുള്ള മരങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ത്തരുത്. സര്‍വീസ് വയര്‍ കേബിളുകളില്‍ സ്പര്‍ശിക്കരുത്. നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. എര്‍ത്ത് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പികളിലോ, എര്‍ത്ത് പൈപ്പിലോ സ്പര്‍ശിക്കരുത്. ഇലക്ട്രിക് വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തിലാണെന്ന് ഉറപ്പു വരുത്തുക.
സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ ചെയ്യുക. ഇടിമിന്നല്‍ ഉളള സമയങ്ങളില്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ റബര്‍ ചെരിപ്പ് ധരിക്കുക. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുന്‍പ് റ്റിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി പ്ലഗുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വേര്‍പ്പെടുത്തുക. വസ്ത്രങ്ങള്‍ ഉണക്കുന്നതിനുവേണ്ടി വൈദ്യുതി പോസ്റ്റുകളില്‍ ഇലക്ട്രിക് വയറോ, കയറോ കെട്ടരുത്. കന്നുകാലികളെ കെട്ടാനും അവ ഉപയോഗിക്കരുത്. ഇടിമിന്നല്‍ ഉളളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യരുത്. അത്യാവശ്യമായി വന്നാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രമേ വീട്ടിലെ ഇലക്ട്രിക് ജോലി ചെയ്യാന്‍ പാടുള്ളൂ. കഴിവതും പരിചയസമ്പന്നരായ ഇലക്ട്രീഷന്‍മാരെ നിയോഗിച്ചു മാത്രം അത്തരം ജോലികള്‍ ചെയ്യണം. വൈദ്യുതി അപകടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയുംപെട്ടെന്ന് കെഎസ്ഇബി ഓഫീസിലോ, 9496061061എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം. (പിഎന്‍പി 1397/19)
- Log in to post comments