തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളതില്‍ ഏറ്റവും ശ്രദ്ധേയവും മാതൃകാപരവുമായ പദ്ധതിയാണ് ലൈഫ് ഭവന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിന് സ്വന്തമായൊരു വീട് യാഥാര്‍ഥ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. കൃത്യമായ മാനദണ്ഡപ്രകാരമാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. അതില്‍ ഇനിയും പരിഗണിക്കേണ്ടതും സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് ഉള്‍പ്പെടാത്തതുമായ ആളുകള്‍ ഉണ്ടാകും. അവരുടെ കാര്യങ്ങള്‍ കൂടി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ ലൈഫ് ഭവന പദ്ധതി നടപ്പാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. വീടിന് പുറമെ ജീവനോപാധികളും മറ്റ് സഹായങ്ങളും കൂടി ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാരിന്റെ കരുതലാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും കെ വി സുമേഷ് കൂട്ടിച്ചേര്‍ത്തു.
എസ് സി - എസ് ടി വിഭാഗങ്ങളിലായി 120 വീടുകള്‍ ഉള്‍പ്പെടെ 799 വീടുകളാണ് ലൈഫ് ഭവന പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന അദാലത്തില്‍ കൃഷി, ഫിഷറീസ്, റവന്യൂ, ക്ഷീരവികസനം, വ്യവസായം, കുടുംബശ്രീ, സിവില്‍ സപ്ലൈസ്, സാമൂഹ്യനീതി, ഐ ടി തുടങ്ങി 20 ഓളം വകുപ്പുകളുടെ സേവനങ്ങള്‍ ഒരുക്കി. ലൈഫ് ഭവനപദ്ധതിയുമായി ബസപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വി ഇ ഒ മാരെയും, സന്നദ്ധ സേവനം ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി മോളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വി പി ഗോവിന്ദന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഐ വി നാരായണന്, അഡ്വ. കെ കെ രത്നകുമാരി, ഇ പി ബാലകൃഷ്ണന്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ സുനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments