Skip to main content
ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് ജീവനക്കാക്കാർ കളക്ട്രേറ്റ് വളപ്പിൽ  ഒരുക്കിയ ജൈവകൃഷി ജില്ലാ കളക്ടർ ടിവി സുഭാഷ് വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്യുന്നു

കലക്ടറേറ്റ് വളപ്പിലെ ജൈവപച്ചക്കറി കൃഷി വിളവെടുത്തു

ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്ക് ഇടയിലും കൃഷിയെ സ്‌നേഹിച്ച്  ഒരു കൂട്ടം ഉദ്യോഗസ്ഥര്‍.  ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസ് ജീവനക്കാരുടെ ഗ്രൂപ്പ് ആയ 'നന്മ' യിലെ അംഗങ്ങളാണ് കലക്ടറേറ്റ് വളപ്പിലെ അഞ്ചു സെന്റ് സ്ഥലത്ത് കൃഷിയിറക്കി പൊന്നുവിളയിച്ചത്. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍  വി കെ ദിലീപ് രക്ഷാധികാരിയും എഎസ്ഒ പി പി അഷ്റഫ് കണ്‍വീനറുമായി 17 പേരടങ്ങുന്ന ഗ്രൂപ്പ് ആണ് 'നന്മ'.
കാട് പിടിച്ചു കിടന്ന 5 സെന്റ് സ്ഥലം രണ്ടു മാസം മുമ്പാണ് വൃത്തിയാക്കി ഇവര്‍ കൃഷി ആരംഭിച്ചത്. ചീരയും തക്കാളിയും വഴുതനയുമൊക്കെ ഇപ്പോള്‍ ഇവിടെ വിളഞ്ഞു നില്‍പ്പുണ്ട്. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് കൃഷി ആരംഭിച്ചത്.  
കലക്ടര്‍ ടി വി സുഭാഷ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.  അസിസ്റ്റന്റ് കലക്ടര്‍ ഡോ ഹാരിസ് റഷീദ്,  പ്രൊജക്ട് ഡയരക്ടര്‍ വി കെ ദിലീപ്, എ എസ്  ഒ, പി പി അഷ്റഫ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ രാമകൃഷ്ണന്‍,  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഗ്രിക്കള്‍ചര്‍ വി കെ രാംദാസ് എ പി ഒ എ ജി ഇന്ദിര, എ ഡി സി അബ്ദുള്‍ ജലീല്‍,  എ ഡി എ പ്രദീപ്,  അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ വത്സല,  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date