Skip to main content

നിപ പ്രതിരോധത്തിന് ആവശ്യമായ നടപടി സ്വീകരിച്ചു: മുഖ്യമന്ത്രി

നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം, സാമ്പിൾ ടെസ്റ്റ് ആന്റ് റിസൾട്ട് മാനേജ്‌മെന്റ്, സമ്പർക്ക പരിശോധന, രോഗ ബാധിതർക്കായുള്ള യാത്ര സംവിധാനത്തിന്റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങൾ കൈകാര്യം ചെയ്യൽ, വിവര വിശകലനം തുടങ്ങിയവ ചെയ്യാൻ ചുമതലപ്പെടുത്തി  16 കമ്മിറ്റികൾ രൂപീകരിച്ചു.
സമ്പർക്ക പട്ടികയിൽ 257 പേരാണുള്ളത്. അതിൽ 141 ആരോഗ്യ പ്രവർത്തകരാണ്. 51 പേർ ആശുപത്രിയിലുണ്ട്.  ഗുരുതരമായ രോഗലക്ഷണം ആർക്കുമില്ല. പൂനെയിൽ നിന്ന് ലഭിച്ച എട്ടു ഫലങ്ങളും നെഗറ്റീവ് ആണ് എന്നത് ആശ്വാസകരമാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനു പുറമേ മറ്റ് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ചികിത്സയ്ക്കുള്ള സജ്ജീകരണമൊരുക്കി. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. ഐസിയു കിടക്കകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജമാക്കി.  സമ്പർക്ക പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭ്യമാക്കി. അധികമായി ജീവനക്കാരെ നിയമിക്കാനും പരിശീലനം സിദ്ധിച്ചവരെ നിപ ചികിത്സയ്ക്കായി നിയോഗിക്കാനും  നടപടികൾ സ്വീകരിച്ചു.
എൻക്വയറി കൗണ്ടർ, കോണ്ടാക്ട് ട്രാക്കിങ് കൗണ്ടർ, മെഡിക്കൽ കോളേജ് കോണ്ടാക്ട് ട്രേസിംഗ് ടീം എന്നിങ്ങനെ മൂന്ന് കൗണ്ടറുകളുൾപ്പെടെയാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധം ഏകോപിപ്പിക്കുന്നതിനായി നിപ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി. സർക്കാർ, സ്വകാര്യം ഉൾപ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. എൻ.ഐ.വി. പൂന, എൻ.ഐ.വി. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് അതി വേഗം  കോഴിക്കോട്ട്  നിപ പരിശോധനയ്ക്കുള്ള ലാബ് സജ്ജമാക്കിയത്.  
സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ഊർജിത ശ്രമങ്ങളാണ് നടക്കുന്നത്.  നിപയുടെ ഉറവിടം കണ്ടെത്താനും വലിയ ശ്രമം നടക്കുന്നു. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ കൺട്രോൾ റൂമിൽനിന്നും വിളിച്ച് ആരോഗ്യ വിവരങ്ങൾ ചോദിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്യുന്നുണ്ട്. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തർ വീതവും നിപ സമ്പർക്ക പട്ടികയിൽ വന്നിട്ടുണ്ട്. കണ്ണൂരിൽ നിന്നും മലപ്പുറത്തുനിന്നും ഉള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട ചികിത്സയും പരിചരണവും നൽകുന്നുണ്ട്. ആർക്കും ഗുരുതരമായ രോഗ ലക്ഷണങ്ങളില്ല.  നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം സിദ്ധിച്ച ടീമുകൾ ഗൃഹസന്ദർശനം നടത്തി ലക്ഷണങ്ങളടക്കമുള്ള വിവരങ്ങൾ ശേഖരിക്കും. 25 വീടുകൾക്ക് ഒരു ടീം എന്ന രീതിയിലാണ് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്കും വിദഗ്ധ പരിശീലനം നൽകി. ആശുപത്രിയിൽ ഒരു രോഗി എത്തുമ്പോൾ മുതലുള്ള ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി.
നിപയുടെ കാര്യത്തിൽ പലതരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത് കണ്ടെത്തി തടയും. അത്തരം പ്രചാരണങ്ങളിൽ ആരും പെട്ടുപോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പി.എൻ.എക്‌സ്. 3147/2021

date