Skip to main content

സംസ്ഥാനത്തെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിനു മാതൃക: ക്യൂബൻ അംബാസിഡർ

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃത ഭരണ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ക്യൂബൻ അംബാസിഡർ അലജാൻഡ്രോ സിമാൻകസ് മറിൻ പറഞ്ഞു. മൂന്ന് വർഷമായി ക്യൂബയും സമാനമായ രീതിയിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു അംബാസിഡറുടെ പ്രതികരണം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധങ്ങളായ പദ്ധതികളെക്കുറിച്ചും അംബാസിഡർ മന്ത്രിയോട് ചോദിച്ച് മനസിലാക്കി. കുടുംബശ്രീ അഭിമാനകരമായ പദ്ധതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളവും ക്യൂബയുമായി സഹകരിക്കാൻ കഴിയുന്ന വിവിധ മേഖലകളുണ്ട്. സമാന താത്പര്യമുള്ള മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും അംബാസിഡർ വ്യക്തമാക്കി. പീപ്പിൾസ് പ്ലാനിംഗ്- കേരളാ ലോക്കൽ ഡെമോക്രസി ആൻഡ് ഡെവലപ്‌മെൻറ്, ഇന്ത്യാ ആഫ്റ്റർ ഗാന്ധി എന്നീ പുസ്തകങ്ങളും ഹൗസ് ബോട്ടിന്റെ മാതൃകയും മന്ത്രി അംബാസിഡർക്ക് സമ്മാനിച്ചു.
തന്റെ ഹൃദയത്തിൽ എക്കാലവും കേരളമുണ്ടാകുമെന്നും അംബാസിഡർ പറഞ്ഞു. കേരളവും ക്യൂബയും തമ്മിൽ ദൃഢമായ ആത്മബന്ധമാണുള്ളത്. കേരളത്തിലെത്തിയ നിമിഷം മുതൽ ഈ ഐക്യദാർഢ്യം തിരിച്ചറിയാൻ കഴിഞ്ഞു. കേരള ജനത ക്യൂബയോട് കാട്ടുന്ന സ്‌നേഹം അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡെൽഹിയിലെ കേരളത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, മുൻ എംപി പികെ ബിജു, ബിജു കണ്ടക്കൈ, ഡോ. വി പി പി മുസ്തഫ, ഡോ.സി പി വിനോദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 3363/2022
 

date