റിസര്‍വേയില്‍ ഏഴ് സെന്റ് ഭൂമി കുറവ് ; രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ മന്ത്രി പി രാജീവിന്റെ നിര്‍ദേശം
പന്തളം കുളനട വില്ലേജില്‍ എസ്. ജലജയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമിയില്‍ റീ സര്‍വയ്ക്ക് ശേഷം 7 സെന്റ് കുറഞ്ഞുവെന്ന പരാതിയുമായാണ് മകളുടെ ഭര്‍ത്താവ് എം അജയ് കുമാര്‍ കോഴഞ്ചേരി അദാലത്തില്‍ എത്തിയത്. രേഖകളിലെല്ലാം 41 സെന്റ് ഭൂമി തന്നെയാണ് ഉള്ളതെന്നും സര്‍വ്വേരേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് അത് പരിശോധിക്കാന്‍ അറിയില്ലായിരുന്നുവെന്നും നിലവില്‍ രേഖകളില്‍ പുറമ്പോക്കായി രേഖപ്പെടുത്തിയത് മൂലം നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആയിരുന്നു പരാതി.
പരാതിക്കാരന്റെ ആധാരത്തിലും നികുതി രേഖകളിലും എല്ലാം 41 സെന്റ് സ്ഥലമാണ് ഉള്ളതെന്നും റിസര്‍വേ കഴിഞ്ഞപ്പോള്‍ പുറമ്പോക്ക് ഇത്രയും കൂടി വന്നത് അസാധാരണമെന്നും മന്ത്രി പി രാജീവ് വിലയിരുത്തി. ആധാരം, നികുതി രേഖകള്‍, സെറ്റില്‍മെന്റ് രജിസ്റ്റര്‍ എന്നിവ പരിശോധിച്ചു രണ്ടാഴ്ചക്കുള്ളില്‍ പരിഹാരം കണ്ടെത്തി അറിയിക്കാന്‍ ഭുരേഖ തഹസില്‍ദാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. അദാലത്തിലെ മറ്റൊരു അതിവേഗ തീരുമാനമായി മാറി ഇതും.
- Log in to post comments