Skip to main content

*ഉറവിട നശീകരണ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്*

 

ആരോഗ്യ വകുപ്പ് ഈഡിസ്  കൊതുക് നശീകരണം ലക്ഷ്യമിട്ട് സാമൂഹിക ഉറവിട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തില്‍ ഡെങ്കിപ്പനി നിവാരണ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഉറവിടങ്ങള്‍ കണ്ടെത്തി പരിശോധിക്കല്‍, വൃത്തിയാക്കല്‍, ഓവുചാലുകള്‍ മൂടിവെക്കല്‍ പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ നടക്കുന്നത്. റബ്ബര്‍, കമുക്, കൈതച്ചക്ക തോട്ടങ്ങളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ  ഇല്ലാതാക്കി ഡെങ്കിപ്പനി സാധ്യതകള്‍ കുറയ്ക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളില്‍  നടന്ന  ജില്ലാതല  ക്യാമ്പയിന്‍ നഗരസഭാ ചെയര്‍മാന്‍ ടി. കെ രമേഷ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും ഡെങ്കി വ്യാപനവും, ഡെങ്കിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയങ്ങളില്‍ എന്‍.പി.എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. കെ. ആര്‍ ദീപ, ജില്ലാ വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിലെ ബയോളജിസ്റ്റ് കെ.ബിന്ദു എന്നിവര്‍ ക്ലാസ്സെടുത്തു. ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ ഷാമില ജുനൈസ് അധ്യക്ഷയായ പരിപാടിയില്‍ പൊതുമരാമത്ത് സ്ഥിരസമിതി ചെയര്‍മാന്‍ കെ. റഷീദ്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സൈതലവി, വികസന സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ ലിഷ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, കൗണ്‍സിലര്‍മാരായ പി.കെ സുമതി, മേഴ്സി, കെ.സി യോഹന്നാന്‍, ബിന്ദു രവി, ഹേമ, പ്രജിത രവി, അസീസ് മാടാല, സലീം, ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോഷ്നി ദേവി എന്നിവര്‍ സംസാരിച്ചു.

date