ഫിഷറീസ് സർവകലാശാലയ്ക്ക് നാക് എ ഗ്രേഡ് അക്രഡിറ്റേഷൻ
നാഷണൽ അസസ്മെന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) അക്രഡിറ്റേഷനിൽ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയ്ക്ക് (കുഫോസ്) എ ഗ്രേഡ് ലഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഗുണനിലവാരമുളള വിദ്യാഭ്യാസത്തോടും ഗവേഷണത്തോടും വിജ്ഞാനവ്യാപനത്തോടുമുളള സ്ഥാപനത്തിന്റെ സമീപനത്തിനുള്ള അംഗീകാരമാണിത്. കുഫോസിന്റെ അക്കാദമിക് യാത്രയിൽ ഈ അംഗീകാരം പ്രധാന ചുവടുവെയ്പ്പാകും. ഈ നേട്ടത്തിനു പിന്നാലെ കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്നും 20 ലക്ഷം രൂപ കുഫോസിനു ലഭിച്ചതായും സെക്രട്ടറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ഇന്നത്തെ ആഗോള തൊഴിൽ മേഖല ആവശ്യപ്പെടുന്ന വൈവിധ്യമാർന്ന അക്കാദമിക് പാഠ്യപദ്ധതികളിലാണ് കുഫോസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐസർ, യുജിസി, എഐസിടിഇ എന്നിവയുടെ അംഗീകാരം ലഭിച്ച പ്രോഗ്രാമുകൾ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക സ്പെഷ്യലൈസ്ഡ് സർവ്വകലാശാല കൂടിയാണ് കുഫോസ്.
നാക് ഗുണനിലവാര പരിശോധനാ പ്രക്രിയയിൽ പാഠ്യവിഷയങ്ങൾ, അധ്യാപന-പഠന പ്രവർത്തനങ്ങൾ, മൂല്യനിർണ്ണയം, വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന പിന്തുണയും പുരോഗതിയും, എന്നിവയിൽ സർവ്വകലാശാല ഉയർന്ന ഗ്രേഡുകൾ നേടി. താരതമ്യേന പരിമിതമായ അടിസ്ഥാന സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ശൈശവാവസ്ഥ പിന്നിട്ടിട്ടില്ലാത്ത സർവ്വകലാശാലയായിട്ടും ഗവേഷണം, നൂതനസാങ്കേതിക വിദ്യ, വിപുലീകരണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ കുഫോസ് ഉയർന്ന സ്‌കോർ നേടിയിട്ടുണ്ട്. ഗവേഷണത്തിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള അധ്യാപകരെ നാക് പിയർ ടീം അവരുടെ അന്തിമ റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിച്ചിരിക്കുന്നു.
ഫിഷറീസിലും അനുബന്ധ ശാസ്ത്രങ്ങളിലും ഈ കാലയളവിൽ കുഫോസ് നടത്തിയ ഗവേഷണവും വിപുലീകരണ പ്രവർത്തനങ്ങളും ശ്രദ്ധേയമായ സംഭാവനകളാണ് നൽകിയത്. ഇതിൽ പലതും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഗണ്യമായ രീതിയിൽ സഹായിച്ചിട്ടുണ്ട്. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം, പ്രായോഗിക പരിശീലനം, നൈപുണ്യ വികസന പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ കുഫോസ് ശ്രദ്ധ ചെലുത്തുന്നു. ഈ വിഷയങ്ങളിൽ സർവ്വകലാശാലയ്ക്ക് അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും പ്രസക്തമാണ്.
ചെല്ലാനം തീരദേശ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, ആദ്യത്തെ ഫിഷറീസ് 'അടൽ ഇൻകുബേഷൻ സെന്റർ', അത്യാധുനിക സൗകര്യങ്ങളുള്ള അക്വാട്ടിക് റഫറൽ ലാബ്, മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി പണ്ഡിറ്റ് കറുപ്പൻ ചെയറിന്റെ രൂപീകരണം, ക്യാമ്പസിനെ കാർബൺ ന്യൂട്രൽ ആക്കാനുള്ള ശ്രമങ്ങൾ എന്നിവ കുഫോസ് സ്വീകരിച്ച ശ്രദ്ധേയമായ ഇടപെടലുകളിൽ ചിലതാണ്. ആർട്ടിക് പഠനങ്ങൾക്കായി ആഗോളതലത്തിൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന യൂ-ആർട്ടിക് എന്ന പ്രധാനമായ കൂട്ടായ്മയിൽ കുഫോസിന് ലഭിച്ചിരിക്കുന്ന അംഗത്വം പ്രശംസനീയമാണ്.
കണ്ടൽ ഗവേഷണത്തിനും പഠനങ്ങൾക്കുമായി സർവ്വകലാശാല നടത്തിയിട്ടുളള ഇടപെടലുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. പുതുവൈപ്പ് കേന്ദ്രീകരിച്ച് ആഗോള കണ്ടൽ ഗവേഷണകേന്ദ്രം സ്ഥാപിക്കാനാണ് കുഫോസ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ ഓരു ജലാശയങ്ങളിൽ വനാമി കൃഷി വിജയകരമായി നടത്താമെന്ന പരീക്ഷണങ്ങൾ നടത്തിയത് കുഫോസിലാണ്.
ഐഎസ്ആർഒ, ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നീ ദേശീയ ഏജൻസികളുമായി സർവ്വകലാശാലയ്ക്കുള്ള സഹകരണവും ആഗോള സ്ഥാപനങ്ങളുമായുള്ള ധാരണാപത്രങ്ങളും നാക് കമ്മിറ്റി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കുഫോസിന് ഭാവിയിൽ വികസനത്തിനുള്ള വലിയ സാധ്യതയുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ പഠന മാധ്യമങ്ങളും മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. ലഭ്യമായ സാധ്യതകൾ ഉപയോഗിച്ച് ഗവേഷണത്തിലും സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും കുഫോസിനു ഗണ്യമായ സംഭാവനകൾ നൽകാൻ സാധിക്കും.
തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി അക്വാകൾച്ചർ, സമുദ്ര സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ശക്തമായ വ്യവസായ-അക്കാദമിക ബന്ധം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതാണ്. നമ്മുടെ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഇതിനോടകം തന്നെ സ്വയം സംരംഭകരായും തൊഴിൽ ദാതാക്കളായും ഉയർന്നുവന്നിട്ടുണ്ട്. നാക് കമ്മിറ്റിയുടെ ശുപാർശ പ്രകാരം ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ച് സംയോജിത യൂജി-പിജി പ്രോഗ്രാമുകൾ ആരംഭിക്കുക, മെന്റർഷിപ്പിനും ധനസഹായത്തിനുമായി പൂർവ്വ വിദ്യാർത്ഥികളുടെ (ദേശീയ/അന്തർദേശീയ) വർദ്ധിപ്പിക്കുക, ഐപിആർ സെല്ലും കൺസൾട്ടൻസി ഇടപെടൽ സെല്ലും ശക്തമാക്കുക, എം എസ് എം ഇ സംരംഭക ലാബുകൾ സ്ഥാപിക്കുക, ഇന്റേൺഷിപ്പുകളും മറ്റു പ്രോജക്ടുകളും ഉപയോഗിച്ച് വ്യവസായ സ്ഥാപന ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവ ഉൾപ്പെടെ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ കുഫോസ് നിശ്ചയിച്ചിട്ടുണ്ട്.
കുഫോസിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിനു വേണ്ടി ബ്ലൂ ഇക്കോണമി ആൻഡ് മറൈൻ ഇന്നോവേഷൻ സെന്റർ ആരംഭിക്കുവാനും കുഫോസിനെ ഒരു വിജ്ഞാന കേന്ദ്രമായി ഉയർത്തുവാനും നാക് ടീം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ബൃഹത്തായ ഒരു പദ്ധതിയാണ് കുഫോസിനായി കേരളസർക്കാർ യൂറോപ്യൻ യൂണിയന് സമർപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി വേമ്പനാട് കായൽ ആവാസ വ്യവസ്ഥയുടെ പുനരുജ്ജീവനത്തിലും അതുവഴി ഈ അമൂല്യ ജലാശയത്തിന്റെ മത്സ്യബന്ധന സാധ്യതയിലും കുഫോസ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇക്കാര്യത്തിൽ സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാനും കേരള സർക്കാരിന് സമർപ്പിക്കുവാനും സർവ്വകലാശാലയ്ക്ക് സാധിച്ചു. അതുപോലെതന്നെ 'ഗ്രാമ ദത്തെടുക്കൽ' പരിപാടി, 'കരിമീൻ ഗ്രാമം', കോവിഡ് മഹാമാരിയുടെ സമയത്ത് ബയോഫ്ളോക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് തൊഴിലില്ലാത്ത പ്രവാസികളുടെ പുനരധിവാസം തുടങ്ങിയ നിരവധി പദ്ധതികൾക്ക് കുഫോസ് നേതൃത്വം നൽകുന്നുണ്ട്.
നാക് എഗ്രേഡ് ലഭിച്ചതോടെ പിഎം-ഉഷ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഫണ്ടുകൾ പ്രയോജനപ്പെടുത്താൻ പ്രാപ്തമാകുന്ന ഒരു ബ്രാൻഡിംഗ് അധിക പ്രാപ്തമാകുന്ന കെട്ടിപ്പടുക്കുന്നതിനാണ് കുഫോസ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കുഫോസ് ഇനി അടിസ്ഥാന സൗകര്യ വികസനം, അതിന്റെ പരിപാടികളുടെ വൈവിധ്യവൽക്കരണം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കൽ, മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിലും നവീകരണത്തിനുമുളള ഒരു നോഡൽ കേന്ദ്രമായി അതിനെ മാറ്റൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇൻകുബേഷൻ സെന്ററുകൾ, സ്റ്റാർട്ടപ്പ് മെന്റ്റിംഗ്, ഐപി സംരക്ഷണം എന്നിവയിലൂടെ പ്രത്യേകിച്ച് മറൈൻ ബയോടെക്നോളജി, അക്വാകൾച്ചർ, ഭക്ഷ്യസംസ്കരണം, കാലാവസ്ഥാവ്യതിയാനം എന്നിവ ഉൾപ്പെടുത്തികൊണ്ട് ഇന്നോവേഷൻ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തും.
മത്സ്യബന്ധനത്തിനും സമുദ്രശാസ്ത്രത്തിനും മാത്രമായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യത്തെ സർവ്വകലാശാല എന്ന നിലയിൽ നാക് അംഗീകാരം അക്കാദമിക് നിലവാരം, സുതാര്യത, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുളള സർവകലാശാലയുടെ പ്രതിബദ്ധതയെ സ്ഥിരീകരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി 20 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന രാജ്യത്തെ ഏക സർവ്വകലാശാല കൂടിയാണിത് എന്നത് കുഫോസിന്റെ സാമൂഹിക ഉത്തരവാദിത്തത്തെ എടുത്തു കാണിക്കുന്നു.
ആഗോളതലത്തിൽ മത്സ്യബന്ധനത്തിന്റെയും സമുദ്രവിഭവങ്ങളുടെയും സംരക്ഷണം, സുസ്ഥിര ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കുഫോസ് ഒരു ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ് സ്ഥാപിച്ചിട്ടുണ്ട്. ഈ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുഫോസ് ഒരു പിയർ റിവ്യൂഡ് ഗവേഷണ പ്രസിദ്ധീകരണമായ 'ജേണൽ ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സയൻസ്' പുറത്തിറക്കുന്നുണ്ട്.
കേരളത്തിലുടനീളം നടപ്പിലാക്കി വരുന്ന പട്ടികജാതി, പട്ടികവർഗ ശാക്തീകരണ പരിപാടി സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി ലക്ഷ്യമിട്ടുളള കുഫോസിന്റെ മറ്റൊരു നാഴികകല്ലായ സംരംഭമാണ്. സമൂഹത്തിലെ വിശാലമായ ഒരു വിഭാഗത്തിലേക്ക് എത്തിച്ചേരുന്നതിനായി മത്സ്യത്തൊഴിലാളികൾ, മത്സ്യകർഷകർ, മത്സ്യബന്ധന മേഖലയിലെ മറ്റ് പങ്കാളികൾ എന്നിവർക്ക് മത്സ്യമേഖലയിലെ നൂതനാശയങ്ങൾ പങ്കുവെയ്ക്കുവാൻ ലക്ഷ്യമിട്ട് നീരദം എന്ന മാസിക സർവകലാശാല ആരംഭിച്ചു.
ഇൻഡോ-നോർവീജിയൻ അക്കാദമിക് എക്സ്ചേഞ്ച് പ്രോഗ്രാമിന് കീഴിൽ നോർവേയിലെ വിവിധ സർവ്വകലാശാലകൾ/സ്ഥാപനങ്ങളുമായി ഫാക്കൽറ്റി, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമും സർവ്വകലാശാല ആരംഭിച്ചിട്ടുണ്ട്. നിലവിൽ, നോർവേയിൽ മൂന്ന് മാസത്തേക്ക് 9 വിദ്യാർത്ഥികളും 2 ഫാക്കൽറ്റികളും പരിശീലനം നേടുന്നുണ്ട്.
അക്കാദമിക വിഷയങ്ങൾ വിശാലമാക്കുക, ഇന്റർ ഡിസിപ്ലിനറി ഗവേഷണം വർദ്ധിപ്പിക്കുക, ആഗോള അക്കാദമിക, ഗവേഷണ പങ്കാളിത്തങ്ങൾ വികസിപ്പിക്കുക, സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ ശേഷിയും കെട്ടിപ്പടുക്കുക, ഇന്ത്യയുടെ ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട ഒരു ചിന്താ കേന്ദ്രമായി കുഫോസിനെ വളർത്തിയെടുക്കുക എന്നിവയിലൂടെ കുഫോസിനെ ഒരു ലോകോത്തര വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായി മാറ്റുക എന്നതാണ് സർക്കാർ നയം.
തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി പരിശീലന കേന്ദ്രങ്ങളും നൈപുണ്യ വികസന കേന്ദ്രങ്ങളും വികസിപ്പിക്കുക, സമുദ്ര സംരക്ഷണത്തിനും ദുരന്ത പ്രതിരോധത്തിനും സംസ്ഥാന കേന്ദ്രസർക്കാരുമായി സഹകരിക്കുക, സ്ത്രീകൾ, യുവാക്കൾ, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവരെ കേന്ദ്രീകരിച്ചുളള 'എല്ലാവർക്കും മത്സ്യം' എന്ന പേരിൽ ഔട്ട് റീച്ച് പ്രോഗ്രാമുകൾ ആരംഭിക്കുക, തുടങ്ങിയ സുസ്ഥിരവികസനപ്രവർത്തനങ്ങൾ വഴി കേരള സമൂഹത്തിന് കരുത്തുറ്റ ഒരു മുതൽകൂട്ട് ആകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 2236/2025
- Log in to post comments