Skip to main content

പാറക്കടവ് പാലം: ടെന്‍ഡര്‍ മന്ത്രിസഭ അംഗീകരിച്ചു

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാറക്കടവ് പാലത്തിന്റെ 22 ശതമാനം  അധികരിച്ച ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു.

പാലത്തിന്റെ സമാന്തര പാതയ്ക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തീകരിച്ചു. മല്ലപ്പള്ളി ജംഗ്ഷനില്‍ നിന്നും മൂന്നു കിലോമീറ്റര്‍ മാറി മണിമലയാറിന് കുറുകെയാണ് പാറക്കടവ് പാലം വിഭാവനം  ചെയ്തിട്ടുള്ളത്. കീഴ്വായ്പൂരിലെ കോട്ടയം- കോഴഞ്ചേരി റോഡും പരിയാരം ഭാഗത്തെ മൂശാരിക്കവല- കോമളം റോഡും തമ്മിലാണ് പാലം ബന്ധിപ്പിക്കുന്നത്. പാലം യാഥാര്‍ത്ഥ്യമായാല്‍ ഇരുവശത്തുമുള്ള ജനങ്ങള്‍ക്ക്  മല്ലപ്പള്ളി ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കി തിരുവല്ല, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി എന്നീ സ്ഥലങ്ങളില്‍ എത്തിച്ചേരുവാന്‍  സാധിക്കും. പാലത്തിന്റെ  നീളം  111 മീറ്ററും, പരിയാരം ( മല്ലപ്പള്ളി) ഭാഗത്തെ അപ്രോച്ച് റോഡിന് 155 മീറ്റര്‍ നീളവും, കീഴുവായ്പൂര്‍ ഭാഗത്തെ അപ്രോച്ച് റോഡിന് 11.3 മീറ്റര്‍ നീളവുമാണുള്ളത്. മല്ലപ്പള്ളി ഭാഗത്ത് സര്‍വീസ് റോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഏഴര മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിനുള്ള റോഡും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടെ 11 മീറ്ററാണ്  പാലത്തിന്റെ വീതി. 28 മീറ്റര്‍  നീളമുള്ള നാല് സ്പാനുകളാണ് പാലത്തിനുളളത്. സ്ഥലമെടുപ്പിന് ചിലവായത് കൂടാതെ 11.2 കോടി രൂപയ്ക്കാണ് നിര്‍മാണം നടത്തുക.
 

date