ഷോർട്ട് ഫിലിം മത്സരം
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഷോർട്ട് ഫിലിം മത്സരം - 2025 ലേക്ക് സൃഷ്ടികൾ സമർപ്പിക്കാം. മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ഹ്രസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. സിനിമകൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കണം. ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള സിനിമകളും ഇംഗ്ലീഷ് ഭാഷയിലുള്ള സിനിമകളും മത്സരത്തിനായി സമർപ്പിക്കാം.
ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ, രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ,മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ എന്നതാണ് പുരസ്‌കാര തുക. വിജയികൾക്ക് ക്യാഷ് അവാർഡുകൾക്ക് പുറമെ സർട്ടിഫിക്കറ്റുകളും ട്രോഫികളും ലഭിക്കും. ജൂറിയുടെ ശുപാർശ പ്രകാരം, നാല് സിനിമകൾക്ക് വരെ പ്രത്യേക പരാമർശ സർട്ടിഫിക്കറ്റും 50,000 രൂപ വീതം ക്യാഷ് പ്രൈസും നൽകുമെന്ന് കമ്മീഷൻ അറിയിച്ചു.
രാജ്യത്തുടനീളം മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും ക്രിയാത്മകമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സുപ്രധാന ചുവടുവെപ്പാണ് ഈ മത്സരം. അപേക്ഷകന്റെ പേര് / നിർമാണ കമ്പനിയുടെ പേര് ഉൾപ്പെടുത്തിയ ഗൂഗിൾ ഡ്രൈവ് ലിങ്കിലേക്ക് nhrcshortfilm@gmail.com അയക്കണം. എൻട്രികൾ ആഗസ്റ്റ് 31 നകം നൽകണം.
പി.എൻ.എക്സ് 2931/2025
- Log in to post comments