Skip to main content

*മനസ്സോടിത്തിരി മണ്ണ്: വയനാട് ജില്ലയിൽ വാഗ്ദാനം ലഭിച്ച മുഴുവൻ സ്ഥലവും ലഭിച്ചു*

വീട് വെക്കാൻ ഭൂമിയില്ലാത്തവർക്ക് ജനങ്ങൾ ഭൂമി സ്വമേധയാ നൽകുന്ന പദ്ധതിയായ 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിൽ വയനാട് ജില്ലയിൽ വാഗ്ദാനം ലഭിച്ച 100% ഭൂമിയും സർക്കാരിലേക്ക് രജിസ്റ്റർ ചെയ്തു ലഭിച്ചു. ജില്ലയിൽ 1.25 ഏക്കർ ഭൂമിയാണ് പദ്ധതിയിലേക്കായി സുമനസുകൾ വാഗ്ദാനം ചെയ്തത്. വാഗ്ദാനം അനുസരിച്ചു മുഴുവൻ ഭൂമിയും സർക്കാരിന്റേതാക്കി രജിസ്ട്രേഷനും ചെയ്തു. ഈ ഭൂമിയാണ് ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കാൻ സ്ഥലമില്ലാത്തവർക്കായി സർക്കാർ നൽകുക.

ചൊവ്വാഴ്ച്ച കണ്ണൂരിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ മേഖലാ തല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട് ജില്ലയിൽ 1. 75 ഏക്കർ വാഗ്ദാനം ചെയ്തതിൽ 92.75 സെന്റ് ആണ് രജിസ്റ്റർ ചെയ്തു കിട്ടിയത്. കണ്ണൂർ ജില്ലയിൽ 4.15 എക്കർ വാഗ്ദാനം ചെയ്തതിൽ 1.76 ഏക്കറും കാസർകോട് ജില്ലയിൽ 2.80 ഏക്കർ വാഗ്ദാനം ലഭിച്ചതിൽ 2 ഏക്കർ ഭൂമിയുമാണ് ഇതുവരെ സർക്കാറിലേക്ക് ലഭിച്ചത്. ജൂൺ 25 വരെ സംസ്ഥാനത്ത് ആകെ 3177.385 സെന്റ് ഭൂമി വാഗ്ദാനം ലഭിച്ചവയിൽ 2271.815 സെന്റ് രജിസ്റ്റർ ചെയ്തു ലഭിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ വയനാട് ജില്ലയിൽ 26,235 വീടുകൾ പൂർത്തീകരിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 81.17% ആണ്. സെപ്റ്റംബർ ആകുമ്പോഴേക്കും 26,702 വീടുകൾ പൂർത്തിയാക്കലാണ് ലക്ഷ്യം.

വയനാട് ജില്ലയിലെ 98% സ്‌കൂളുകളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനവും 99% സ്‌കൂളുകളിൽ അജൈവമാലിന്യ സംസ്കരണ സംവിധാനവും ഉണ്ട്. ജില്ലയിലെ 249 സ്‌കൂളുകളിൽ (89%) ഇ-മാലിന്യ പരിപാലന സംവിധാനമുണ്ട്.

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 100 % തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജല ബജറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date