Skip to main content

*കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായി*

 

-കൈപ്പാട്ടുക്കുന്ന്, വാളേരി-കുടിയാംവയൽ പ്രാദേശത്തെ 150 ഏക്കര്‍ വരുന്ന പാടശേഖരത്തിന് ഉപകാരപ്രദമാകും

പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് -കുടിയോംവയലിൽ   പൂര്‍ത്തീകരിച്ച കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.

ജലലഭ്യത ഉറപ്പായതോടെ പ്രദേശത്ത് നഞ്ചയും പുഞ്ചയും കൃഷി ചെയ്യണമെന്നും ഭൂമി തരിശിടാതെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്നും പാടശേഖരസമിതി പദ്ധതി നടത്തിപ്പുമായി മുന്നോട്ട്  പോകണമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയുടെ പുരോഗതിക്കായി കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് മന്ത്രി കൃഷി ഓഫീസർക്ക് നിർദേശം നൽകി.
ജലാശയങ്ങളാലും കാനനച്ചോലകളാലും ജലസമൃദ്ധമായ പ്രദേശമാണെങ്കിലും മണ്ണിൻ്റെ പ്രത്യേകത മൂലം വേനൽക്കാലത്ത് വയലുകൾ വീണ്ടുകീറി പാറപോലെ ഉറപ്പാകുന്നതിനാൽ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയിരുന്നു ഇവിടെ.
പനമരം പുഴയിലെ തെളിനീർ, ജല ദൗർലഭ്യമുള്ള മാസങ്ങളിൽ പമ്പ് ചെയ്ത് ഉപയോഗിച്ചാൽ പ്രദേശത്തെ മുഴുവൻ വയലുകളിലും ഇരിപ്പുകൃഷിയിറക്കാമെന്ന് കർഷകർക്കുണ്ടായ തിരിച്ചറിവിൽ നിന്നാണ് കുടിയോംവയൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉരുത്തിരിയുന്നത്.

2022 ലാണ് നിർമാണ പ്രവൃത്തി ആരംഭിക്കുന്നത്.
പദ്ധതി യാഥാർഥ്യമായതോടെ കൈപ്പാട്ടുക്കുന്ന്, വാളെരി-കുടിയാം വയൽ പ്രാദേശത്തെ 150 ഏക്കര്‍ വരുന്ന പാടശേഖരത്തിന് ഉപകാരപ്രദമാവും.

നിലവിലുള്ള പമ്പ് ഹൗസിന്റെയും കനാലിന്റെ അറ്റകുറ്റപണികൾ, സിസ്റ്റേൺ ടാങ്ക്, 1253 മീറ്റർ പൈപ്പ്‌ലൈൻ എന്നിവ അടങ്ങുന്ന സിവിൽ പ്രവൃത്തികൾ, 50 എച്ച് പി  മോട്ടോറും, പമ്പും, മൂന്ന് എച്ച് പി യുടെ ഒരു വാക്വം പമ്പും, പമ്പ് ഹൗസ് വയറിംഗ്, പാനൽ ബോർഡ് തുടങ്ങിയ ഇലക്ട്രിക്കൽ പ്രവൃത്തികൾ, പദ്ധതിക്ക് ആവശ്യമായ വൈദ്യുതികരണം തുടങ്ങിയവയാണ് പൂർത്തീകരിച്ചത്.

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ലക്ഷ്മി ആലക്കാമറ്റം അധ്യക്ഷത വഹിച്ച പരിപാടിയിൽ മൈനർ ഇറിഗേഷൻ മാനന്തവാടി ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി സുരേഷ്,  മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജഹാൻ കബീർ,
ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ അരുൺ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ, കുടിയോംവയൽ സമിതി സെക്രട്ടറി എൽദോ തോമസ്, വാർഡ് മെമ്പർ വി സി അജിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിവർ പങ്കെടുത്തു.

date