കേരളത്തിന്റേത് സാമൂഹിക നീതിയിലധിഷ്ഠിതമായ നഗരവികസനം: മന്ത്രി എം ബി രാജേഷ്
സുസ്ഥിരത, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമൂഹിക നീതി ഉറപ്പാക്കൽ തുടങ്ങിയവയിലധിഷ്ഠിതമായ ആസൂത്രിത നഗരവികസനമാകും കേരളത്തിൽ നടപ്പിലാക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
2025-26 ലെ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക കേന്ദ്ര ധന സഹായത്തിനായി നഗരാസൂത്രണ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള സ്റ്റേക്ക്ഹോൾഡർ കൺസൾട്ടേഷൻ വർക്ക്ഷോപ്പ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃതിന്റെ സംസ്ഥാന മിഷൻ മാനേജ്മെന്റ് യൂണിറ്റാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
നഗരാസൂത്രണ രംഗത്ത് കേരളത്തിന് നീക്കിവച്ചിട്ടുള്ള പലിശ രഹിത വായ്പയായുള്ള കേന്ദ്രസഹായം പരമാവധി വിനിയോഗിക്കാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു.നഗര വികസന ആസൂത്രണ രംഗത്തെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് ശരിയായി ആവിഷ്‌കരിച്ച പദ്ധതികൾ സെപ്റ്റംബറോടെ അന്തിമമായി സമർപ്പിക്കാൻ കഴിയണം.കേന്ദ്ര ധന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതിനാൽ നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് കൃത്യമായി പദ്ധതി രേഖ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് ശ്രമിക്കണം.
കേരളം അതിവേഗത്തിൽ നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.സർക്കാർ നിയോഗിച്ച അർബൻ പോളിസി കമ്മീഷന്റെ നിരീക്ഷണമനുസരിച്ച് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടി വേഗത്തിലും ആഗോള ശരാശരിയേക്കാൾ ഉയർന്ന നിരക്കിലുമാണ് നഗരവൽക്കരണം നടക്കുന്നത്. സംസ്ഥാനം മൊത്തത്തിൽ ഒരു വലിയ നഗരമായി മാറിക്കൊണ്ടിരിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം എന്നതിലുപരി, നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഈ മാറ്റം വലിയ വെല്ലുവിളികളും അതോടൊപ്പം വലിയ അവസരങ്ങളും തുറന്നുതരുന്നുണ്ട്. ഈ അവസരങ്ങൾ ഉപയോഗിക്കാനും വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും കഴിയണം.
കേരളത്തിന്റെ ഭാവി പുരോഗതി ആസൂത്രിതവും ദീർഘവീക്ഷണമുള്ളതുമായ നഗരവികസനത്തെ ആശ്രയിച്ചിരിക്കും. നാടും നഗരവും തമ്മിലുള്ള അതിരുകൾ ഇപ്പോൾത്തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും, അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം മുൻകൂട്ടി കണ്ടുകൊണ്ട് കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നഗരവികസനം കൂടുതൽ സങ്കീർണ്ണമാകുമെന്നും അദ്ദേഹം പറഞ്ഞു. അർബൻ ഫണ്ട്, സംസ്ഥാന താൽപര്യങ്ങൾക്ക് വിധേയമായ സ്വകാര്യ മൂലധനം എന്നിവ സ്വീകരിച്ച് പശ്ചാത്തല സൗകര്യ വികസനത്തിലടക്കം വിനിയോഗിക്കാൻ നഗരസഭകൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി ഒരു നഗരനയം രൂപീകരിക്കുന്നതിനായി കമ്മീഷനെ നിയോഗിച്ച സംസ്ഥാനമാണ് കേരളം. നിശ്ചിത സമയത്തിനുള്ളിൽ കമ്മീഷൻ സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 2500-ലധികം ആളുകളിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച് കൺസൽട്ടേഷനുകൾ നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ അന്താരാഷ്ട്ര നഗരവികസന കോൺക്ലേവ് സംഘടിപ്പിക്കുകയാണ്. കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് മന്ത്രി, രാജ്യത്തെ നഗരവികസന മന്ത്രിമാർ, മറ്റ് രാജ്യങ്ങളിലെ എം പിമാർ, വിദേശ മേയർമാർ ഉൾപ്പെടെയുള്ള പ്രതിനിധികളും കോൺക്ലേവിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ അമൃത് മിഷൻ ഡയറക്ടർ സൂരജ് ഷാജി സ്വാഗതമാശംസിച്ചു.ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, കേന്ദ്ര ഭവന നിർമാണ നഗര കാര്യ കൺസൾട്ടന്റ് കിഷോർ അവാദ് എന്നിവർ ആശംസകളർപ്പിച്ചു. പ്രശാന്ത് എച്ച് നന്ദി രേഖപ്പെടുത്തി.
പി.എൻ.എക്സ് 3342/2025
- Log in to post comments