*ദുരന്ത മേഖലയിലെ കര്‍ഷകര്‍ക്ക് കരുതലായി കൃഷി വകുപ്പ്*
ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കരുതലായി മാറുകയാണ് കൃഷി വകുപ്പും അനുബന്ധ വകുപ്പുകളും. അതിജീവനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളും ധനസഹായവും കര്‍ഷകര്‍ക്ക് ആശ്വാസമായി മാറുകയാണ്. കൃഷി വകുപ്പിലെയും ആര്‍.എ.ആര്‍.എസിലെയും ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പി.ഡി.എന്‍.എ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ഷിക മേഖലയില്‍ 29.2216 ഹെക്ടര്‍ കൃഷിഭൂമിയാണ് നശിച്ചത്. നഷ്ടം വിലയിരുത്തി കര്‍ഷകര്‍ക്ക് പുതിയ പ്രതീക്ഷയായി 38.24 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. ദുരന്ത പ്രദേശത്തെ കാര്‍ഷിക ഭൂമിയിലെ ഏലം, കുരുമുളക്, തേയില, കാപ്പി, അടക്ക, നാളികേരം, മാവ്, പേരക്ക, ചക്ക, കസ്റ്റാര്‍ഡ് ആപ്പിള്‍, നെല്ലിക്ക, പുളി, ചാമ്പ, സപ്പോട്ട, വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ വിളയിനങ്ങളാണ് നഷ്ടപ്പെട്ടത്. ഭൂമി നഷ്ടപ്പെട്ട മുന്നൂറോളം കര്‍ഷകര്‍ക്ക് 19,69,290 രൂപ ധനസഹായമായി വിതരണം ചെയ്തു. ജനകീയ കാര്‍ഷിക വികസന സമിതികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഫീല്‍ഡ് ലെവലില്‍ നടത്തിയ വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷമായിരുന്നു തുക നല്‍കിയത്. ദുരന്തബാധിതരായ 265 കര്‍ഷകര്‍ക്ക് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ 7000 രൂപ വീതം 18.55 ലക്ഷം രൂപയും നല്‍കി. വിള ഇന്‍ഷുറന്‍സ് പ്രകാരം നാഷണല്‍ അഗ്രി ഇന്‍ഷുറന്‍സ് കമ്പനി 48 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു. ഉപജീവന പിന്തുണയായി ജില്ലാ ഭരണകൂടം, കാര്‍ഷിക വകുപ്പ്, നിര്‍മാണ്‍ എന്‍ജിഒ 16 കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീട്ടുവളപ്പില്‍ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താന്‍ സംയോജിത കൃഷിക്കായി നിരവധി കര്‍ഷകരെ കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ആര്‍.എ.ആര്‍.എസ്, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, സീനിയര്‍ സയന്റിസ്റ്റ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് നൈപുണി വികസനത്തിന് ബോധവത്കരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്.
- Log in to post comments