കഴക്കൂട്ടത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
*കേരളത്തിലുടനീളം 12 ഇടത്താവളങ്ങൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്നു
*മണിയങ്കോട്, എരുമേലി, കഴക്കൂട്ടം എന്നിവിടങ്ങളിൽ പദ്ധതി പൂർത്തിയായി ; 6 ഇടത്താവളങ്ങളുടെ പണി പുരോഗമിക്കുന്നു.
ശബരിമല തീർത്ഥാടകർക്ക് വിശ്രമ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കഴക്കൂട്ടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ദീർഘദൂര യാത്രയ്ക്ക് ശേഷം എത്തുന്ന ഭക്തർക്ക് റോഡരികിലും മറ്റും വാഹനങ്ങൾ നിർത്തി വിശ്രമിക്കേണ്ടി വരുന്ന അവസ്ഥ ദീർഘകാലമായി നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണെന്നും ഇത് തീർത്ഥാടകർക്ക് വലിയ തോതിൽ പ്രയാസം സൃഷ്ടിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊരു ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് 2016ൽ എൽ.ഡി.എഫ് ഗവൺമെന്റ് അധികാരത്തിൽ വന്ന കാലത്ത് അന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇടത്താവളങ്ങൾ എന്ന ആശയത്തിന് രൂപം നൽകിയത്. ആ ചർച്ചകളുടെ ഫലമായി രൂപപ്പെട്ട പദ്ധതി യാഥാർത്ഥ്യമാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുടനീളം ഇത്തരത്തിലുള്ള പന്ത്രണ്ട് ഇടത്താവളങ്ങൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ 6 ഇടത്താവളങ്ങളുടെ പണി മികച്ച രീതിയിൽ പുരോഗമിച്ചുവരുന്നു. മണിയങ്കോട്, എരുമേലി എന്നിവയ്ക്ക് ശേഷം ഇപ്പോൾ കഴക്കൂട്ടത്തും പദ്ധതി പൂർത്തിയായിരിക്കുകയാണ്. നിലക്കലിലെ ഇടത്താവളം ഏകദേശം പൂർത്തിയായിക്കഴിഞ്ഞുവെന്നും ചെങ്ങന്നൂരിലേത് വേഗതയിൽ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർത്ഥാടന കാലത്ത് ഭക്തർക്ക് വലിയ തോതിൽ ഉപകരിക്കുന്ന ഈ കേന്ദ്രങ്ങൾ, ശബരിമല മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞുള്ള സമയങ്ങളിൽ മറ്റ് പൊതു ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴക്കൂട്ടത്തെ അത്യാധുനിക മന്ദിരം പത്ത് കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരിക്കുന്നത്. മൂന്ന് നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പണികഴിപ്പിച്ച ഈ ഇടത്താവളത്തിൽ ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന വിശാലമായ അന്നദാന മണ്ഡപം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 75 പുരുഷന്മാർക്കും 25 സ്ത്രീകൾക്കും താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യം, സുരക്ഷിതമായ ലോക്കർ റൂമുകൾ, ഹൈസ്പീഡ് വൈഫൈ സംവിധാനം തുടങ്ങിയ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 671/2026
- Log in to post comments