Skip to main content

നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നവരിൽ രണ്ട് പേർ കൂടി ആശുപത്രി വിട്ടു; നിരീക്ഷണത്തിലുള്ള ഒരാളുടെകൂടി ഫലം നെഗറ്റീവ് ആയി

നിപ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കൂടി ഡിസ്ചാർജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഒരാളെ കൂടി നിരീക്ഷണത്തിനായി ഇന്ന് (ജൂൺ 16) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 4 പേർ ആശുപത്രി വിട്ടു. 5 പേർ നിരീക്ഷണത്തിൽ തുടരുന്നു. ഇന്നലെ (ജൂൺ 15) നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. നിപ രോഗബാധയെ തുടർന്ന് സമ്പർക്കപട്ടികയിലുള്ള 13 പേരുടേയും സമാന രോഗലക്ഷണങ്ങളുള്ള 24 പേരുടെയും ഉൾപ്പെടെ 37 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ എല്ലാം നെഗറ്റീവ് ആണ്.

കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററിൽ തുടരുന്നു. രോഗിക്ക് സർക്കാരിന്റെയും ഐ.സി.എം.ആറിന്റെയും മാനദണ്ഡപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ട്.

സമ്പർക്കപ്പട്ടികയിൽ കുറഞ്ഞ റിസ്‌കിൽ ഒരാളെക്കൂടി ഇന്ന് ഉൾപ്പെടുത്തി. നിലവിൽ സമ്പർക്ക പട്ടികയിൽ 104 പേരാണുള്ളത് ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപെട്ടവരും 14 പേർ ഉയർന്ന റിസ്‌ക് അതിൽ പെട്ടവരും 86 പേർ കുറഞ്ഞ ഭാഗത്തിൽപെട്ടവരും ആണ്. സമ്പർക്ക പട്ടികയിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.

കോഴിക്കോട് നിപ പ്രഭവകേന്ദ്രത്തിന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നിപ നിരീക്ഷണവും സാമ്പിൾ ശേഖരണവും നടത്തി. കണ്ണൂർ റീജിയണൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബ് (RDDL), കോഴിക്കോട് ആനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് (ADCP) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. നിപ പ്രഭവകേന്ദ്രത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് പരിശോധനയ്ക്കായുള്ള സാമ്പിളുകൾ എടുത്തത്. വനംവകുപ്പിന്റെ സഹായത്തോടെ രണ്ട് വവ്വാലുകളുടെ സാമ്പിളുകൾ ശേഖരിച്ചു. കൂടാതെഈ പ്രദേശങ്ങളിലെ വളർത്തുമൃഗങ്ങളായ നായപൂച്ച എന്നിവയുടെ രക്തംമൂക്കിലെ സ്രവം (Nasal Swabs) തുടങ്ങിയവയും ശേഖരിച്ചിട്ടുണ്ട്. നിപ പ്രഭവകേന്ദ്രത്തിന് സമീപമുള്ള വവ്വാലുകളുടെ താവളങ്ങളിൽ (Roosting sites) നിന്ന് കാഷ്ഠവും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. വളർത്തുമൃഗങ്ങളിലും വവ്വാലുകളിലും നിപ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്' (NIHSAD) ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും. ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗി രണ്ടാമത് ചികിത്സ തേടിയ സ്വകാര്യശുപത്രി സന്ദർശിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നിപ്പ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം ഡിവിഷനിലെ 53 വീടുകൾ കൂടി ഇന്ന് (ജൂൺ 16) ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു.

 

പി.എൻ.എക്‌സ്. 2027/2026

date