സാമൂഹിക പുരോഗതിക്ക് വായന അത്യന്താപേക്ഷിതം: ജില്ല പഞ്ചായത്ത് പ്രസിഡന്റ്
വ്യക്തിത്വ വികാസത്തിനും സാമൂഹിക പുരോഗതിക്കും വായന ഒഴിച്ചുകൂടാനാകാത്തതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ദേശീയ വായനാമാസാചരണത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനം ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. പാഠപുസ്തകങ്ങളോടൊപ്പം മറ്റുള്ളവയും കുട്ടികള്‍ വായിക്കണം. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അറിയാന്‍ ഇതിലൂടെ സാധിക്കും. ഗ്രന്ഥശാലകളില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത് വായന വളര്‍ത്തണം. എല്ലാ ദിവസവും വായനയ്ക്കായി സമയം മാറ്റിവയ്ക്കണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന് രൂപം നല്‍കി വായനയില്‍ വിപ്ലവം തീര്‍ത്ത വ്യക്തിയാണ് പി എന്‍ പണിക്കര്‍. 'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന അദ്ദേഹത്തിന്റെ ആശയം തലമുറകള്‍ ഏറ്റെടുത്തതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി. പി എന്‍ പണിക്കര്‍ അനുസ്മരണം കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ് അമീര്‍ ജാന്‍ നടത്തി.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ മാത്യൂസ്, പിടിഎ പ്രസിഡന്റ് ആര്‍ രഞ്ജിനി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, സ്‌കൂള്‍ മാനേജര്‍ എം ആര്‍ മനുകുമാര്‍, പ്രിന്‍സിപ്പല്‍ റ്റി എസ് രാജേഷ്, പ്രധാനധ്യാപിക ഷീബ, വിദ്യാരംഗം കോര്‍ഡിനേറ്റര്‍ ബീന ഉല്ലാസ് എന്നിവര്‍ പങ്കെടുത്തു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ജില്ലാതല 'വായിച്ചു വളരുക' പ്രശ്‌നോത്തരിയിലും ചിത്രരചന മല്‍സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ദീര്‍ഘകാല സേവനത്തിന് ശേഷം സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപക ദമ്പതികളായ എം കെ പുരുഷോത്തമന്‍, ജി സുലോചന എന്നിവരെ ആദരിച്ചു. സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് മേളവും കവിതാലാപനവും ദൃശ്യാവിഷ്‌കാരവും അരങ്ങേറി.
ചിത്രം:
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരിയിലും ചിത്രരചന മല്‍സരത്തിലും വിജയികളായവര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിക്കൊപ്പം
- Log in to post comments