പ്രോജക്ട് സീറോ', 'വിജിലൻസ് കമാൻഡോസ്' പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 29)
അഴിമതിക്കെതിരെ യുവജനപങ്കാളിത്തം ശക്തിപ്പെടുത്തുകയും സുതാര്യതയും സത്യസന്ധതയും അടിസ്ഥാനമാക്കിയുള്ള സാമൂഹിക ബോധം വളർത്തുകയും ലക്ഷ്യമിട്ട് കേരള വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' സംസ്ഥാനതല പദ്ധതിയും 'വിജിലൻസ് കമാൻഡോസ്' യുവജന ക്യാമ്പയിനും ജൂലൈ 29 രാവിലെ 11 ന് തിരുവനന്തപുരം ലയോള സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ വി മുരളീധരൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം നിവിൻ പോളി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ ഡയറക്ടർ ഡിജിപി മനോജ് എബ്രഹാം ആമുഖപ്രഭാഷണവും ഐ ജി (ഇൻ ചാർജ്) തോംസൺ ജോസ് സ്വാഗതപ്രസംഗവും നടത്തും. കേരള ഗവർണറുടെ സെക്രട്ടറിയായ ഡോ. കെ വാസുകി, ലയോള ഇൻസ്റ്റിറ്റിയൂഷൻസ് റെക്ടറും മാനേജരുമായ ഫാ സണ്ണി കുന്നപ്പള്ളിൽ, ഡയറക്ടറും സ്‌കൂൾ പ്രിൻസിപ്പലുമായ ഫാ ഡോ സാൽവിൻ അഗസ്റ്റിൻ, ലയോള കോളേജ് പ്രിൻസിപ്പൽ ഡോ പ്രകാശ് പിള്ള എന്നിവർ ആശംസകൾ അർപ്പിക്കും. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ എസ് പി (ഹെഡ്ക്വാർട്ടേഴ്‌സ്) എസ് ആർ ജ്യോതിഷ് കുമാർ നന്ദി അറിയിക്കും.
'ജനറേഷൻ Z ഫോർ ഇന്റഗ്രിറ്റി, കേരള ഫോർ ടുമോറോ' എന്ന ആശയമാണ് പദ്ധതിയുടെ പ്രമേയം. സർക്കാർ വകുപ്പുകളിൽ സുതാര്യതയും ഉത്തരവാദിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി നവീകരിച്ച വിജിലൻസ് മാനുവൽ, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കുള്ള സംവിധാനങ്ങൾ, വിജിലൻസ് ബോധവത്കരണ ശിൽപശാലകൾ, യുവജനങ്ങളെ അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് പങ്കാളികളാക്കുന്ന 'വിജിലൻസ് കമാൻഡോസ്' എന്നിവ ഉൾപ്പെടുന്നതാണ് പ്രോജക്ട് സീറോ പദ്ധതി.
പി.എൻ.എക്‌സ്. 2823/2026
- Log in to post comments