Skip to main content

ടാൽ റോപ് വേതനം പ്രശ്നം ഒത്തുതീർപ്പായി

ടാൽ റോപ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും പിരിച്ചുവിട്ടവരും രാജിവച്ചവരുമായ മുഴുവൻ ജീവനക്കാരുടെയും കുടിശികയുള്ള ശമ്പളം (നെറ്റ് സാലറി) ഒക്ടോബർ 31 നു മുൻപ് നൽകാൻ ധാരണ. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീന്റെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിന് കളമൊരുങ്ങിയത്. ജീവനക്കാരുടെ മറ്റ് ആവശ്യങ്ങൾ നവംബർ ആദ്യവാരത്തിൽ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പരിഹരിക്കാനും ധാരണയായി. ഒത്തുതീർപ്പ് കരാറിൽ അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ടാൽറോപ് കമ്പനി ഡയറക്ടറും സിഇഒയുമായ ജോൺസ് ജോസഫ് പീറ്റർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ഒപ്പുവച്ചു.

എറണാകുളം ജില്ലയിലെ കാക്കനാട് പ്രവർത്തിക്കുന്ന ടാൽറോപ്പിൽ ഒരുവർഷം മുതൽ മൂന്ന് വർഷം വരെയുള്ള വേതന കുടിശികയാണ് ജീവനക്കാർക്ക് നൽകാനുള്ളത്. തൊഴിൽ ഭവൻ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച ചർചയിൽ ലേബർ കമ്മീഷണർ സഫ്‌ന നസ്‌റുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ്‌കുമാർ, ഡെപ്യുട്ടി ലേബർ കമ്മീഷണർ കെ എൽ സതീഷ് കുമാർ, കമ്പനി സി ഇ ഒ ജോൺസ് ജോസഫ് പീറ്റർ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

യാതൊരു മുന്നറിയിപ്പുമില്ലാതെ 300 ഓളം ജീവനക്കാരെയാണ് ഐടി കമ്പനിയായ ടാൽറോപ് നേരത്തേ പിരിച്ചുവിട്ടത്. അതുവരെയുള്ള ശമ്പള കുടിശിക പോലും നൽകാതെയായിരുന്നു പിരിച്ചുവിടൽ. നഷ്ടപരിഹാരത്തിനായി ലേബർ ഓഫീസറെ സമീപിക്കാതിരിക്കാനായി പഴുതുകളടച്ചായിരുന്നു പിരിച്ചുവിടൽ നടപടി. ഇതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായപ്പോഴാണ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടതും നടപടിക്ക് ലേബർ കമ്മിഷണറേറ്റിന് നിർദ്ദേശം നൽകിയതും.

പി.എൻ.എക്‌സ്. 3003/2026

date