Skip to main content

*എച്ച് 1 എൻ 1 രോഗബാധ: തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്ന് വെറ്ററിനറി സർവകലാശാല*

തൃശ്ശൂർ ജില്ലയിൽ ഒരു വിദ്യാർത്ഥിയിൽ എച്ച് 1 എൻ 1 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നു വെറ്ററിനറി സർവകലാശാലയിലെ വിദഗ്ദ്ധർ അറിയിച്ചു. സ്വൈൻ ഫ്ലൂ അഥവാ പന്നിപ്പനി, പന്നികളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നില്ല. നില‌വിൽ മനുഷ്യരിൽ കാണപ്പെടുന്ന എച്ച് 1 എൻ 1 രോഗബാധയുടെ പ്രധാന വ്യാപന മാർഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ്. ' സൈൻ ഫ്ലൂ' എന്ന പേര് വൈറസിന്റെ  ഉത്ഭവവുമായി ബന്ധപ്പെട്ടതാണ്. 2009ൽ വടക്കേ അമേരിക്കയിലാണ് ഈ വൈറസ് മനുഷ്യരിൽ ആദ്യമായി കണ്ടത്തിയത്. പന്നികളിൽ കാണപ്പെടുന്ന ചില ഇൻഫ്ലുവൻസ വൈറസുകളുമായി സാമ്യമുള്ളതുകൊണ്ടാണ് ഇതിനെ പന്നിപ്പനി എന്ന് വിളിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന എച്ച് 1 എൻ 1 വൈറസ് സാധാരാണ സീസണൽ ഇൻഫ്ലുവൻസ പോലെ, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തു വരുന്ന ശ്വാസകോശ സ്രവങ്ങളിലൂടെയും രോഗ ബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവുമാണ് പകരുന്നത്. 

നല്ലവണ്ണം പാകം ചെയ്തു പന്നിയിറച്ചിയോ മറ്റു മാംസാഹാര ഉല്പന്നങ്ങളോ കഴിക്കുന്നതിലൂടെ എച്ച് 1 എൻ 1 രോഗം പകരില്ല. അതിനാൽ മാംസാഹാര ഉപഭോഗവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് അടിസ്ഥാനമില്ല. പന്നി വളർത്തുന്ന കർഷകരേയോ പന്നി വളർത്തൽ മേഖലയെയോ ഈ രോഗവാർത്തയുടെ പേരിൽ അനാവശ്യമായി ആശങ്കപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ടതില്ലന്നും സർവകലാശാലാ വിദഗ്ദ്ധർ അറിയിച്ചു.

date