*ലഹരിമുക്തിക്ക് സൗജന്യസേവനങ്ങളുമായി വിമുക്തി ഡി-അഡിക്ഷൻ സെന്റർ*
ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശാസ്ത്രീയമായ ചികിത്സയും പിന്തുണയും ഉറപ്പാക്കി മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷൻ സെന്റർ. ആരോഗ്യ വകുപ്പും എക്സൈസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ലഹരിമുക്തിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്. ലഹരിമുക്തിക്കിടയിലെ ശാരീരിക മാനസിക ബുദ്ധിമുട്ടുകളും പിന്മാറ്റ ലക്ഷണങ്ങളും ശരിയായ രീതിയിൽ ചികിത്സിക്കുന്നതിനുള്ള മരുന്നുകളും ഇൻപേഷ്യന്റ് പരിചരണവും അടങ്ങുന്ന മെഡിക്കൽ ഒപി, ഐപി സേവനങ്ങൾ ഇവിടെ ലഭ്യമാണ്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് രോഗികളെ പരിശോധിക്കുന്നതും തുടർച്ചയായ ചികിത്സ നൽകുന്നതും. ഇതിനുപുറമേ, വ്യക്തിഗത കൗൺസിലിംഗ്, ലഹരി ഉപയോഗത്തിലേക്ക് വീണ്ടും തിരിച്ചുപോകാതിരിക്കുന്നതിനുള്ള റിലാപ്സ് പ്രിവൻഷൻ തെറാപ്പി, കുടുംബാംഗങ്ങൾക്കായുള്ള ഫാമിലി കൗൺസിലിംഗ്, സൈക്കോ-എഡ്യൂക്കേഷൻ, രോഗികളുടെ പുനരധിവാസത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന സൈക്കോളജിക്കൽ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും. സെന്ററിലെ ഒപി പരിശോധന, കിടത്തി ചികിത്സ, കൗൺസലിംഗ്, തെറാപ്പികൾ എന്നിവയെല്ലാം സൗജന്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെന്ററിലെ ഒപി സമയം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 6238600258 എന്ന നമ്പറിൽ ബന്ധപ്പെടാം.
- Log in to post comments