Skip to main content
a

സമൂഹത്തിന് മാതൃക ആകാന്‍ പൊലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഏറ്റെടുക്കുന്ന ഓരോ ദൗത്യവും അച്ചടക്കത്തോടെയും കര്‍മ ധീരതയോടെയും  വിജയകരമായി നടപ്പാക്കുന്നതില്‍ കേരള പൊലീസ് എന്നും മാതൃകയായിട്ടുണ്ട്. പൊതുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പുതുതായി പൊലീസിലേയ്ക്ക് എത്തുന്ന സേനാഗംങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിശീലന കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് പുരസ്‌കാരവും വിതരണം ചെയ്തു.
കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നിന്നുള്ള 205 ഉം കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയനില്‍ നിന്നുള്ള 126 ഉം ഉള്‍പ്പെടെ  331 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരാണ് പാസ്സിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. എസ് സൂരജ് നയിച്ച പരേഡിന്റെ സെക്കന്റ് ഇന്‍ കമാന്‍ഡ് കെ എസ് അഭിജിത്ത് ആയിരുന്നു.
 കെ.എ.പി മൂന്നാം  ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി എസ് ഹരികൃഷ്ണന്‍, മികച്ച ഔട്ട്ഡോര്‍ കേഡറ്റായി എസ് സൂരജ്,  മികച്ച ഷൂട്ടറായി ജി എസ് ഹരികൃഷ്ണന്‍,  മികച്ച ഓള്‍റൗണ്ടറായി വി വിഷ്ണു എന്നിവരെ തിരഞ്ഞെടുത്തു. കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ നിന്ന് മികച്ച ഇന്‍ഡോര്‍ ആയി അനന്തു സുരേഷ്, മികച്ച ഔട്ട്ഡോര്‍ കേഡറ്റായും ഓള്‍ റൗണ്ടറായും കെ എസ് അഭിജിത്ത്, മികച്ച ഷൂട്ടറായി എല്‍ദോ പൗലോസ് എന്നിവരെ തിരഞ്ഞെടുത്തു.
ഒമ്പതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ശാരീരിക ക്ഷമതയും മനക്കരുത്തും വര്‍ധിപ്പിക്കുന്ന പാഠങ്ങളാണ് നല്‍കിയത്. ഔട്ട്ഡോര്‍ വിഭാഗത്തില്‍ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തല്‍, വിവിധ സ്വയം പ്രതിരോധ പരിശീലനങ്ങള്‍, ഫയറിംഗ് എന്നിവ നല്‍കി.
ഇന്‍ഡോര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ ഭരണഘടന, ഭാരതീയ ന്യായ സംഹിത, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്, വി.ഐ.പി ബന്തവസ്സ്, ടെലി കമ്മ്യൂണിക്കേഷന്‍, സോഷ്യല്‍ മീഡിയ, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നല്‍കി.
ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് ഫോറന്‍സിക് സയന്‍സ്, ഫോറന്‍സിക് മെഡിസിന്‍, പീനോളജി, വിക്ടിമോളജി, സൈബര്‍ ഫോറന്‍സിക് വിഷയങ്ങളിലും പരിശീലനം നല്‍കി.  
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി  ബല്‍റാം കുമാര്‍ ഉപാധ്യായ, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥര്‍, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: 

അടൂര്‍ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് മൂന്നാം ബറ്റാലിയനില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 

date