കേരളത്തിന്റെ വികസനത്തിൽ മുതിർന്ന പൗരന്മാരുടെ സേവനം പ്രയോജനപ്പെടുത്തും : മുഖ്യമന്ത്രി വി ഡി സതീശൻ
* അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും പുരോഗതിയിലും മുതിർന്ന പൗരന്മാരുടെ അനുഭവസമ്പത്തും സേവനവും സജീവമായി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആദ്യമായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം പുതിയ മാതൃക സൃഷ്ടിക്കുകയാണ്. വയോജന സംരക്ഷണം സർക്കാരിന്റെ ഔദാര്യമെന്ന നിലയിൽ കാണാതെ നിയമപരമായ അവകാശമായി ഉറപ്പാക്കുന്നതിനുള്ള സമഗ്ര നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കും. കേവലം ക്ഷേമാനുകൂല്യങ്ങൾ നൽകുന്നതിൽ ഒതുങ്ങാതെ മുതിർന്നവരുടെ അനുഭവവും കഴിവുകളും നാടിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്ന 'സിൽവർ ഇക്കോണമി' എന്ന കാഴ്ചപ്പാടോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2036-ഓടെ കേരളത്തിലെ ജനസംഖ്യയുടെ 38 ശതമാനത്തോളം മുതിർന്ന പൗരന്മാരാകുമെന്ന പഠനറിപ്പോർട്ട് മുൻനിർത്തിയാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ചെയർപേഴ്സണായുള്ള ഗവേണിങ് കൗൺസിൽ രൂപീകരിക്കും. അന്താരാഷ്ട്ര മാതൃകകൾ പഠിച്ച് നിർദേശങ്ങൾ നൽകുന്നതിനായി വിദഗ്ധരടങ്ങിയ സാങ്കേതിക ഉപദേശക സമിതിയും നിലവിൽ വരും. ഇതോടൊപ്പം ഡയറക്ടറേറ്റും ജില്ലാതല സീനിയർ സിറ്റിസൺസ് സെല്ലുകളും ഉടൻ പ്രവർത്തനസജ്ജമാക്കും.
സംസ്ഥാനത്തുടനീളം സർവേ നടത്തി മുതിർന്ന പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ച് ഡിജിറ്റൽ രജിസ്ട്രി തയ്യാറാക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ മുതിർന്നവരെ കണ്ടെത്തുന്നതിനായി 'വൾണറബിലിറ്റി രജിസ്ട്രി'യും രൂപീകരിക്കും. ജർമനി, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ മാതൃക സ്വീകരിച്ച് പ്രത്യേക 'കെയർ ഗിവർ' സേനയ്ക്കും രൂപം നൽകും. അടുത്ത അക്കാദമിക് വർഷം മുതൽ സംസ്ഥാനത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ കെയർ ഗിവർ കോഴ്സുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും പാലിയേറ്റീവ് കെയർ സംവിധാനങ്ങളുമായും സഹകരിച്ച് ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് ആവശ്യമായ പരിചരണവും നിരന്തര അന്വേഷണവും ഉറപ്പാക്കും. കുടുംബശ്രീ മാതൃകയിൽ അയൽപക്ക സഹായ ശൃംഖലയും രൂപീകരിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ, ഡിമെൻഷ്യ സൗഹൃദ കേരള പദ്ധതി എന്നിവയും നടപ്പാക്കും.
വിരമിച്ച അധ്യാപകരുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അനുഭവസമ്പത്ത് പുതിയ സംരംഭങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി അവരെ സ്റ്റാർട്ടപ്പുകളിലും എംഎസ്എംഇകളിലും 'ടെക്നോ മെന്റർ'മാരായി നിയോഗിക്കും. അവരുടെ അറിവും പരിചയവും യുവസംരംഭകർക്കും പുതിയ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിലും ആശുപത്രികളിലും മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണനയും മുൻഗണനയും ഉറപ്പാക്കുന്നതിനൊപ്പം അവരോട് ആദരവോടെയും കരുതലോടെയും പെരുമാറുന്ന പുതിയ സാമൂഹിക സംസ്കാരം വളർത്തിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുതിർന്ന പൗരന്മാർക്കുള്ള വകുപ്പിന്റെ ഔദ്യോഗിക ലോഗോയും അവർക്കുള്ള വിവിധ പദ്ധതികളുടെ വെബ് പോർട്ടലും മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്ക് പുരസ്കാരവും സമ്മാനിച്ചു. തുടർന്ന് വിവിധ ജില്ലകളിലെ മുതിർന്ന പൗരന്മാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംവദിച്ചു.
മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി കെ മുരളീധരൻ വിശിഷ്ടാതിഥിയായി. മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് സെക്രട്ടറി രത്തൻ യു കേൽക്കർ സ്വാഗതം ആശംസിച്ചു. സംസ്ഥാന വയോജന കമ്മീഷൻ ചെയർപേഴ്സൺ കെ സോമപ്രസാദ്, വാർഡ് കൗൺസലർ ഷേർലി എസ്, സാമൂഹിക - സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ് ഡയറക്ടർ അരുൺ എസ് നായർ നന്ദി അറിയിച്ചു.
പി.എൻ.എക്സ്. 4062/2026
- Log in to post comments