ലോക ഹൃദയദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കും
മാറിവരുന്ന ജീവിതശൈലികളും മാനസിക സമ്മർദങ്ങളും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. 'ഹൃദയം നൽകുന്ന സൂചനകൾ അവഗണിക്കരുത്' എന്ന സന്ദേശവുമായി ഈ വർഷത്തെ ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ നടക്കും.
രാവിലെ 8.30ന് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മേയർ വി.വി. രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രേണു രാജ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
ദിനാചരണത്തോടനുബന്ധിച്ച് രാവിലെ മുതൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്:
• കൂട്ടയോട്ടവും സൈക്കിൾ റാലിയും (രാവിലെ ഏഴിന്): കനകക്കുന്നിൽ നിന്നും ആരംഭിച്ച് പാളയം മഹാത്മാ അയ്യങ്കാളി ഹാൾ വരെ നടത്തുന്ന റാലി തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ. എസ്. ഷഹൻഷാ ഫ്ലാഗ് ഓഫ് ചെയ്യും.
• ബോധവൽക്കരണ സെമിനാർ (രാവിലെ എട്ടിന്): ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്‌നോളജിയിലെ കാർഡിയോളജി പ്രൊഫസർ ഡോ. ഹരികൃഷ്ണൻ. എസ് ബോധവൽക്കരണ സെമിനാർ നയിക്കും.
• പരിശീലന പരിപാടികൾ (രാവിലെ ഒൻപത് മുതൽ): പൊതുജനങ്ങൾക്കായി സി.പി.ആർ പരിശീലനവും യോഗ പരിശീലനവും ഉണ്ടായിരിക്കും.
ചിട്ടയായ ഭക്ഷണരീതി, ദിവസേനയുള്ള വ്യായാമം, കൃത്യമായ ഉറക്കം എന്നിവയിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പി.എൻ.എക്‌സ്. 4076/2026
- Log in to post comments