Skip to main content

മത്സ്യബന്ധന മേഖലയുടെ ശാക്തീകരണത്തിനായി വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം

           വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ പാരിസ്ഥിതികാനുമതിയുടെ ഭാഗമായി നടപ്പിലാക്കണമെന്ന് നിഷ്ക്കർഷിക്കപ്പെട്ടിട്ടുള്ള പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണവും വിഴിഞ്ഞത്തെ നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണവും സർക്കാർ നടപ്പിലാക്കുന്നു. സർക്കാരിന്റെ വികസനോന്മുഖമായി ഇടപെടലുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന മേഖലയെ ശാക്തീകരിക്കുന്ന ഈ പദ്ധതികൾക്കായി ഏകദേശം 500 കോടിയോളം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

           പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ തടക്കല്ലിടൽ, നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണ ഉദ്ഘാടനം, മണ്ണെണ്ണ ആനുകൂല്യം കൈപ്പറ്റുന്നവർക്കുന്ന നഷ്ടപരിഹാര ഉപജീവന സഹായ വിതരണം എന്നിവ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് (ഒക്ടോബർ 9) വൈകുന്നേരം 3ന് വിഴിഞ്ഞം- പൂവാർ റോഡിൽ തെന്നൂർക്കോണത്ത് വച്ച് നിർവഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളീധരൻ, എം.പി. മാർ, എം.എൽ.എ. മാർ മറ്റ് രാഷ്ട്രീയ, സാമുദായിക നേതാക്കൾ ജനപ്രതിനിധികൾ, പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർ പങ്കെടുക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക ആഘാത പഠനത്തിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് പദ്ധതികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്.

നിലവിലെ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണം

           കേരളത്തിലെ ആദ്യകാല മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് ഇപ്പോൾ ആരംഭിക്കുന്ന 90 കോടി രൂപ മുടക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കും. നിർമ്മാണച്ചെലവ് VISL മുഖേന സംസ്ഥാന സർക്കാർ വഹിക്കും. നിർമ്മാണം ഹാർബർ എഞ്ചിനീയറിങ് വകുപ്പാണ്.

പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം

           Adani Vizhinjam Port Pvt. Ltd- മായി ഒപ്പുവെച്ച കൺസെഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം സർക്കാർ ഫണ്ടിൽ നിർവഹിക്കും. അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടം നിർമാണം പൂർത്തീകരിക്കുന്നതിനോടൊപ്പം പുതിയ മത്സ്യ ബന്ധന തുറമുഖവും യാഥാർഥ്യമാക്കും. പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ കണക്കാക്കപ്പെടുന്ന നിർമ്മാണ ചെലവ് 260 കോടി രൂപയാണ്.

തിരയിളക്കം കുറച്ച് സുരക്ഷ ഉറപ്പു വരുത്തുവാനുള്ള പുതിയ പിലുമുട്ട് നിർമാണം

           മേൽപ്പറഞ്ഞ രണ്ടു പദ്ധതികൾക്ക് പുറമെ രണ്ടു മത്സ്യബന്ധന തുറമുഖങ്ങളുടെയും ഉള്ളിൽ തിരയിളക്കം കുറയ്ക്കാൻ 125 കോടി രൂപ ചിലവിൽ ഒരു പുതിയ പിലുമുട്ടിന്റെ നിർമ്മാണവും ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഇതോടൊപ്പം നിർവഹിക്കും. പ്രതികൂല കാലാവസ്ഥയിലും മത്സ്യബന്ധനം സുരക്ഷിതമായി നടത്തുവാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

           ഏകദേശം 475 കോടി രൂപ ചിലവിൽ നിർമിക്കപ്പെടുന്ന ഈ മൂന്നു പദ്ധതികളും പൂർത്തിയാകുമ്പോൾ കോവളം മുതൽ പൂവാർ വരെയുള്ള പ്രദേശത്തെ മത്സ്യബന്ധന മേഖലയ്ക്ക് മുതൽകൂട്ടാകും.

           വിഴിഞ്ഞം പ്രദേശത്തെ മത്സ്യബന്ധന യാനങ്ങൾക്ക് അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിർമാണം കാരണം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതിനാൽ അധിക ഇന്ധനം ചിലവാകുന്നതിന് നൽകിയിരുന്ന കോമ്പൻസേഷൻ വിവിധ കാരണങ്ങളാൽ മുടങ്ങിയിരുന്നു. ഏകദേശം 2000 ഗുണഭോക്താക്കൾക്ക് മണ്ണെണ്ണയ്ക്ക് പകരമുള്ള നഷ്ടപരിഹാര ഉപജീവന സഹായമായി DBT വ്യവസ്ഥയിൽ ഈ തുക നൽകും. അതിനായി സർക്കാർ 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

           അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ മത്സ്യബന്ധന മേഖലയെ ശാക്തീകരിക്കാനുള്ള എല്ലാ നടപടികളും സമയബന്ധിതമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പി.എൻ.എക്‌സ്. 4220/2026

date