Skip to main content

സംസ്ഥാന സ്‌കൂൾ കായികമേള ഭാഗ്യചിഹ്നം 'കുട്ടു' പ്രകാശനം ചെയ്തു

*കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട്

           68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. മേളയുടെ ഭാഗ്യചിഹ്നമായ 'കുട്ടു' പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിയമസഭാ മീഡിയാ റൂമിൽ പ്രകാശനം ചെയ്തു. കൊല്ലം ജില്ലയിലെ കെഎൻഎൻഎം എച്ച്എസ്എസ് - ലെ എട്ടാം ക്ലാസ് വിദ്യാർഥിനി ആർ എസ് ലക്ഷ്മി നന്ദനയാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്.

           മേളയ്ക്ക് മുന്നോടിയായി തിരുവനന്തപുരത്തു നിന്ന് ഒക്ടോബർ 22 ന് ആരംഭിക്കുന്ന സ്വർണക്കപ്പ് ഘോഷയാത്രയും കാസർകോട് നിന്ന് 23 ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണവും 25 ന് കോഴിക്കോട് ബീച്ചിലെത്തും. ഉദ്ഘാടനച്ചടങ്ങിൽ നാലായിരം കായികതാരങ്ങൾ പങ്കെടുക്കുന്ന മാർച്ച് പാസ്റ്റും മൂവായിരം കുട്ടികൾ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, ഏഷ്യൻ ഗെയിംസ്, ഒളിമ്പിക്‌സ് താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചു.

           പത്ത് മത്സരവേദികളിലായി നടക്കുന്ന  കായികമേളയിൽ പതിനയ്യായിരത്തോളം പേർ പങ്കെടുക്കും. ഗൾഫ് മേഖലയിൽ നിന്ന് 48 വിദ്യാർഥികളാണ് ഇത്തവണ  മത്സരത്തിനെത്തുക. 27 മുതൽ 31 വരെ കോഴിക്കോട് എൻ ഐ ടി യിൽ നടക്കുന്ന പ്രധാന അത്ലറ്റിക്‌സ് മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2800 കായിക താരങ്ങൾ മാറ്റുരയ്ക്കും. ഇൻക്ലൂസിവ് കായികമേള 26 ന് സംഘടിപ്പിക്കും. രണ്ടായിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുന്ന ഈ വിഭാഗത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളുണ്ടാകും. 30 ന് ക്രോസ് കൺട്രി, ഇൻക്ലൂസിവ് അത്ലറ്റിക്‌സ്, ഇൻക്ലൂസിവ് ഫുട്‌ബോൾ മത്സരങ്ങൾക്കും കോഴിക്കോട് എൻ ഐ ടി വേദിയാകും.

           ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽ ബാഡ്മിന്റൺ, ചേവായൂർ പ്രസന്റേഷൻ എച്ച് എസ് എസിൽ പെൺകുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ, സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിൽ ആൺകുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ, കുന്നമംഗലം എച്ച്എസ്എസിൽ വടംവലി, ഇൻക്ലൂസിവ് ക്രിക്കറ്റ് മത്സരങ്ങളും, കൊടിയത്തൂർ പിടിഎം എച്ച്എസ്എസ്, വാദി റഹ്‌മാ ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിൽ കരാട്ടെ, വുഷു, സോഫ്റ്റ്‌ബോൾ, ബേസ്‌ബോൾ, ബോൾ ബാഡ്മിന്റൺ, ചാത്തമംഗലം ആർ ഇ സി ജിവിഎച്ച്എസ്എസിൽ യോഗയും പെരുവയൽ സെന്റ് സേവിയേഴ്‌സ് യുപി സ്‌കൂളിൽ നെറ്റ്‌ബോൾ, ത്രോ ബോൾ മത്സരങ്ങളും നടക്കും.

           മേളയുടെ വിജയകരമായ നടത്തിപ്പിനായി എം എ റസാഖ് മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ 17 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടെന്നും പൂർണമായും ഹരിതചട്ടം പാലിച്ചാവും മേള നടത്തുകയെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്‌സ്. 4259/2026

date