പുതിയ പോലീസ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും ഏഷ്യൻ ഗെയിംസ് താരങ്ങൾക്കുള്ള അനുമോദനവും 14 ന് : ആഭ്യന്തര മന്ത്രി നിർവഹിക്കും
കേരള പോലീസിലെ കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കു ന്നതിന്റെ ഭാഗമായി വിവിധ പോലീസ് യൂണിറ്റുകൾക്കായി വാങ്ങിയ 164 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും, ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തവർക്കുള്ള അനുമോദനവും ഒക്ടോബർ 14 വൈകിട്ട് 5 ന് തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
കേരള പോലീസിലെ മികച്ച കായികതാരങ്ങളായ മനു ടി. എസ്. (ഹവിൽദാർ), സജൻ പ്രകാശ് (അസിസ്റ്റന്റ് കമാൻഡന്റ്), അൻസ ബാബു (ഹവിൽദാർ), എറിൻ വർഗീസ് (ഹവിൽദാർ) എന്നിവരെയാണ് ആദരിക്കുക. വിവിധ അന്താരാഷ്ട്ര കായികമത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചവരാണ് ഇവർ.
ഇക്കൊല്ലത്തെ ഏഷ്യൻ ഗെയിംസിൽ റിലേ മത്സരങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടുന്നതിൽ മനു ടി. എസ്. നിർണായക പങ്കുവഹിച്ചപ്പോൾ, സജൻ പ്രകാശും ഇന്ത്യയെ പ്രതിനിധീകരിച്ച് കായിക മേളയിൽ പങ്കെടുത്തു. അൻസ ബാബു ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും റിലേ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എറിൻ വർഗീസ് ഇക്കൊല്ലത്തെ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടുകയും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയും ചെയ്തു.
അനുമോദനച്ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആംഡ് പോലീസ് ബറ്റാലിയൻ എഡിജിപി ബൽറാം കുമാർ ഉപാധ്യായ, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 4292/2026
- Log in to post comments